KeralaNews

നെല്ലുല്‍പാദനം ബാധ്യതയാണെന്ന നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത.

ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചോദിക്കുന്നു.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ മടിക്കാത്തവരാണ് നെല്‍കര്‍ഷകനു നല്‍കുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉല്‍പാദന വര്‍ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് കര്‍ഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്. നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായത്തില്‍ കേന്ദ്ര വിഹിതം യഥാസമയം നല്‍കാതെയാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button