Kerala

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം. പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ കഴിയുന്നത് 70000 തീര്‍ത്ഥാടകര്‍ക്ക്. നേരത്തെ 80000 ആയിരുന്നു വെര്‍ച്വല്‍ ക്യൂ വഴി നിശ്ചയിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ക്രമീകരണം. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വെര്‍ച്ച്വല്‍ ക്യൂ എണ്ണം മാറ്റണമോ എന്ന് ആലോചിക്കും.കഴിഞ്ഞ തവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. പ്രവേശനം പ്രതിദിനം 70000 പേര്‍ക്ക് നിജപ്പെടുത്തി. 70,000 പേര്‍ക്കുള്ള പ്രവേശനം തുറന്നിട്ടുണ്ട്. ബാക്കി 10000 പേരെ എന്ത് ചെയ്യണമെന്ന് കൂടി ആലോചിച്ച് തീരുമാനിക്കും. തീരുമാനം ഉടന്‍ ഉണ്ടാകും. ഒരു ഭക്തനും തിരിച്ച് പോകുന്ന പ്രശനം ഉദിക്കുന്നില്ല. മണ്ഡലകാലത്ത് നട തുറക്കുന്നതിനു മുന്‍പേ തീരുമാനമുണ്ടാകും – അദ്ദേഹം വ്യക്തമാക്കി. ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടതെന്നും ഈ തിരക്ക് സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നാളെ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടക്കും. ശബരിമല മേല്‍ശാന്തിയായി 24 പേരും മാളികപ്പുറം മേല്‍ശാന്തിയായി 15 പേരും അന്തിമ പട്ടികയിലുണ്ട്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ നിന്ന് കോടതി ഉത്തരവ് പ്രകാരം ഒരാളെ ഒഴിവാക്കിയിട്ടുണ്ട്. ടി.കെ യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.അതിനിടെ, ശബരിമല സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ശിവസേന സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പേരൂര്‍ക്കട ജി ഹരികുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button