News

സിബിഎസ്ഇ വെബ്സൈറ്റിൽ വൻ കൊള്ള; 100 രൂപ ഫീസിന് ചോദിച്ചത് 69,420 രൂപ! ശരിയുത്തരത്തിന് പൂജ്യം മാർക്ക്; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടി; ഉദ്യോഗസ്ഥർക്കെതിരെ നടപടി!

ദില്ലി: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടിൽ ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് നേടി. വെബ്സൈറ്റ് പരിപാലിക്കുന്ന ഏജൻസിയെ സംബന്ധിച്ചും വിവരങ്ങൾ തേടിയിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.

സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണയത്തിനു മുന്നോടിയായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത പകർപ്പ് എടുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം നേരിട്ടത്. ഒരു വിഷയത്തിൻ്റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണെന്നിരിക്കെ, ഓൺലൈനിൽ 69,420 രൂപ വരെ ചോദിച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം ശരിയായ ഉത്തരം എഴുതിയിട്ടും മൂല്യനിർണയത്തിൽ പൂജ്യം മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചു. ശരിയായ ഉത്തരം എഴുതിയ പല വിദ്യാർത്ഥികൾക്കും ലഭിക്കേണ്ട മാർക്ക് ലഭിച്ചില്ലെന്നാണ് പരാതി ഉയരുന്നത്.

അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. 20ന് ഫീസ് അടച്ചവർക്ക് ഇതുവരെ പകർപ്പ് ലഭിച്ചിട്ടില്ല. ഡൗൺലോഡ് ചെയ്ത പിഡിഎഫിലും പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ എല്ലാവർക്കും പകർപ്പ് ലഭിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങൾ അറിയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button