നിക്ഷേപകരുടെ പണം വകമാറ്റിയെന്ന കേസ്; ബിഎൽഎം ചെയർമാൻ പ്രേംകുമാർ അറസ്റ്റിൽ

ചെന്നൈ: നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ചെന്നൈയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
സൊസൈറ്റിയുടെ പേരിൽ സമാഹരിച്ച ഏകദേശം 5,000 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കും മറ്റ് നിക്ഷേപങ്ങൾക്കുമായി ഉപയോഗിച്ചെന്ന പരാതികളെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൊസൈറ്റിക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് പ്രേംകുമാർ വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിനുശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രേംകുമാറിനെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടശേഷം വിശദമായ ചോദ്യം ചെയ്യലിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രേംകുമാർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അടുത്ത മാസം 29ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്



