
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം ആലപിക്കാതിരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുപങ്കാളിത്തത്തോടെ വന്ദേമാതരം സദസ്സുകള്‍ സംഘടിപ്പിക്കും. ജമാ അത്തെ ഇസ്ലാമി- മുസ്ലിം ലീഗ് വര്‍ഗീയ വിഭജന അജണ്ടയ്ക്കെതിരെയാണ് പരിപാടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു. (bjp will conduct vandemataram sadas protest against state government)
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്നാണ് സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഔദ്യോഗിക പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതെന്ന് അഡ്വ. എസ്. സുരേഷ് ആരോപിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ദേശീയതയുടെ പ്രതീകമായ വന്ദേമാതരത്തെ അവഗണിക്കുന്ന സമീപനം കേരളത്തിന്റെ പാരമ്പര്യത്തിനും സ്വാതന്ത്ര്യസമര ചരിത്രത്തിനും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
”വന്ദേമാതരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഒരു വിഭാഗത്തിന്റെയോ സ്വന്തമല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ പ്രചോദിപ്പിച്ച ദേശീയഗീതമാണത്. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്ന് വന്ദേമാതരം ചൊല്ലാന്‍ പോലും തയ്യാറാകാത്ത നിലയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധഃപതിച്ചിരിക്കുകയാണെന്നും ഇതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു. കാസര്‍കോട് ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, കോഴിക്കോട് മുന്‍ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, തൃശൂരില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാര്‍, എറണാകുളത്ത് ഷോണ്‍ ജോര്‍ജ്, കെ വി എസ് ഹരിദാസ്, കോട്ടയത്ത് മുന്‍ കേന്ദ്രമന്ത്രി അഡ്വ ജോര്‍ജ് കുര്യന്, തിരുവനന്തപുരത്ത് കരമന ജയന് എന്നിവര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മുപ്പത് സംഘടനാ ജില്ലകളിലും വന്ദേമാതരം സദസുകള്‍ നടക്കും.




