
പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ഇനിയും അത് പറയാന്‍ തയ്യാറാണ്. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. വെള്ളാപ്പള്ളിയെ കണ്ടാല്‍ താന്‍ ചിരിക്കുകയും കൈ കൊടുക്കുകയും ചെയ്യുമെന്നും എന്നാല്‍ കാറില്‍ കയറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ല. സിപിഐ ഹാപ്പി അല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ജീവിതത്തില്‍ ആരും 100% ഹാപ്പി അല്ലല്ലോയെന്നും ചോദിച്ചു.
‘ദേശീയ പ്രസക്തിയുള്ള സര്‍ക്കാര്‍ ആയി സംസ്ഥാന സര്‍ക്കാരിനെ സിപിഐ കാണുന്നു. അതിനെ നിലനിര്‍ത്താന്‍ ആണ് സിപിഐയുടെ വിമര്‍ശനം. അത് കമ്മ്യൂണിസ്റ്റ് ഗുണം ആണ്. വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കെട്ടുറപ്പ്. എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ ഒരു വിമര്‍ശനവും നടത്തില്ല. എല്‍ഡിഎഫിനെ നിലനിര്‍ത്താന്‍ ആണ് വിമര്‍ശനം. വിവിധ ജനവിഭാഗങ്ങള്‍ പല കാരണങ്ങളാല്‍ എല്‍ഡിഎഫിനോട് അകല്‍ച്ച കാണിച്ചെ’ന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിയില്ല. തെരഞ്ഞെടുപ്പ് തോല്‍വി അപ്രതീക്ഷിതമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗുണമാകും എന്നായിരുന്നു പ്രതീക്ഷ. പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ചരിത്രം അവസാനിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പായാണ് തിരിച്ചടിയെ കാണുന്നത്. ജനങ്ങളാണ് കാതല്‍. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും. വീണിടം വിദ്യയാണെന്ന് പറയില്ല. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയാല്‍ മൂന്നാം ഭരണം ഉറപ്പാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പാഠം പഠിക്കേണ്ടത് ഇപ്പോഴാണ്.ജനങ്ങളില്‍ നിന്ന് പാഠം പഠിച്ചേ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.




