KeralaNews

ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും; അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല

തിരുവനന്തപുരം: ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. ഇനി ചെറിയ ടെമ്പോകളിലല്ല, കേരളത്തിലെ 14 ജില്ലകളിലും വലിയ ലോറികളിലാകും അരി കൊണ്ടുവന്ന് വിൽക്കുക. കവലകളിൽ കൊണ്ടുവന്ന് അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അരി പായ്ക്കറ്റുകൾ വിൽക്കും. ഇതാണ് കേന്ദ്ര സർക്കാരിൻറെ പ്ലാൻ എയും പ്ലാൻ ബിയുമെല്ലാം.

കടകളിലൂടെയുള്ള വിൽപ്പനയാണ് അടുത്ത ഘട്ടം. കാലടിയിലെ മില്ലിൽ 10,0000 ടൺ അരി റെഡിയായിട്ടുണ്ട്. ഇനി പച്ചരി ആയിരിക്കും ലഭിക്കുകയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒരു മൊബൈൽ നമ്പർ മതി പത്ത് കിലോ അരി കിട്ടാൻ. ഒരു നമ്പരിന് പത്ത് കിലോ അരി വീതം ലഭിക്കും.

തൃശൂർ ജില്ലയ്ക്ക് പിന്നാലെ ഭാരത് അരിയുടെ വിൽപ്പന വ്യാഴാഴ്ച (ഇന്നലെ) മുതൽ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച അരിയാണ് ഭാരത് അരി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഇന്നലെ രാവിലെ 10 മണി മുതൽ അരി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ഒറ്റത്തവണ ഒരാൾക്ക് പത്ത് കിലോ വരെ അരി ലഭിക്കും. ഭാരത് അരിയ്ക്കൊപ്പം കടലപരിപ്പും വിതരണം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 60 രൂപയാണ് കടലപ്പരിപ്പിൻറെ വില. എഫ്സിഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് ജനങ്ങൾക്ക് നൽകുന്നത്.

തൃശൂർ, അങ്കമാലി എഫ്സിഐ ഗോഡൗണുകളിൽ നിന്നുള്ള അരി എറണാകുളം കാലടിയിലെ മില്ലിൽ പോളീഷ് ചെയ്ത ശേഷമാണ് പായ്ക്ക് ചെയ്യുന്നത്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള പൊന്നി അരിയാണ് 29 രൂപയ്ക്ക് തൃശൂരിൽ ജനങ്ങൾക്ക് വിതരണം ചെയ്തത്. നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡ‍റേഷൻ, നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ നടത്തുന്നത്. കിലോയ്ക്ക് 27.50 രൂപയ്ക്ക് ഭാരത് ആട്ടയും 60 രൂപയ്ക്ക് കടലപരിപ്പും 29 രൂപയ്ക്ക് ഭാരത് അരിയുമാണ് കേന്ദ്ര സർക്കാർ വിപണിയിലെത്തിച്ചത്. രാജ്യത്ത് പട്ടിണി പൂർണമായും തുടച്ചു നീക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button