
എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.
ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാമില്‍ തിരിച്ച് അയച്ചതിന്റെയും തെളിവുകള്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് ശ്രീഹരിയെ തൃക്കാകര പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭാരത് മാതാ കോളേജിലെ കെഎസ്യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കെഎസ് യു അറിയിച്ചിരുന്നു. പ്രതിയായ വിദ്യാര്‍ത്ഥിയെ ഒന്നാം തീയതി തന്നെ പുറത്താക്കിയിരുന്നുവെന്നും പരീക്ഷ എഴുതിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല്‍ സൗമ്യ പ്രതികരിച്ചിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക് ഉണ്ടെന്നും ആരോപണമുണ്ട്. തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാം വര്‍ഷ ബി ബി എ ലോജിസ്റ്റിക്സ് വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.




