മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ : ഇന്നത്തേക്ക് പിരിഞ്ഞു

0

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡോ. മന്‍മോഹന്‍സിങ് അല്ലാതെ, ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തില്‍ കാതലായ പങ്കുവഹിക്കുന്ന എല്ലാ പദവിയും വഹിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അനുസ്മരിച്ചു. സാധാരണ ഗ്രാമീണ കുടുംബത്തില്‍ ജനിച്ച മന്‍മോഹന്‍സിങ് സ്വന്തം ധിഷണയുടെ ബലത്തിലാണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയത്. കയറ്റുമതിക്ക് ഊന്നല്‍ നല്‍കുന്ന സാമ്പത്തിക നയം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിലെ പ്രമേയം. സ്വാതന്ത്ര്യം നേടിയശേഷം രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ കീഴില്‍ അടിസ്ഥാന ഘന വ്യവസായങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യയിലെ ആസൂത്രണപ്രക്രിയ പ്രാമുഖ്യം നല്‍കിയത്.

അതേസമയം, ഡോ. മന്‍മോഹന്‍ സിങ് തന്റെ ഗവേഷണ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നതുപോലെ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ ഇന്ത്യയും കയറ്റുമതിയില്‍ അധിഷ്ഠിത സാമ്പത്തിക നയം സ്വീകരിക്കണമെന്ന നിലപാടുകാരനായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ സിങ് പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി. അക്കാദമിക മേഖലയില്‍ ശോഭിക്കുമ്പോഴാണ് അദ്ദേഹം അന്താരാഷ്ട്ര സംഘടനകളിലും പിന്നീട് ഇന്ത്യന്‍ സര്‍ക്കാരിലും സാമ്പത്തിക നയ രൂപീകരണമേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗം സ്വീകരിച്ചത്.

1991 ല്‍ കേന്ദ്ര ധനകാര്യമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് കുറച്ചു കാലം ഡോ. മന്‍മോഹന്‍ സിങ് യുജിസി ചെയര്‍മാന്‍ എന്ന പദവിയും വഹിച്ചിട്ടുണ്ട്. 2004 ലെ പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ അന്നത്തെ ഭരണമുന്നണിയെ തള്ളിയപ്പോള്‍, ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ ചുമതല ഏറ്റെടുക്കാന്‍ നിയുക്തനായത് മന്‍മോഹന്‍ സിങാണ്. ഇടതുപക്ഷം മുന്നോട്ടുവെച്ച പൊതു മിനിമം പരിപാടികളുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ നിരവധി ശ്രദ്ധേയ കാല്‍വെപ്പുകള്‍ ആ സര്‍ക്കാര്‍ നടത്തി.

അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടതുപക്ഷത്തിന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മന്‍മോഹന്‍സിങ് എടുത്ത നിലപാടുകള്‍ പ്രശംസനീയമാണ്. മതേതരത്വ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പ്രതിഭാശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍, സൗമ്യനും നിശ്ചയദാര്‍ഢ്യനുമായ ദേശസ്‌നേഹി, പൊതുമണ്ഡലത്തില്‍ ശോഭിച്ച അനിതരസാധാരണനായ വ്യക്തിയെയാണ് ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത്. മുഖ്യമന്ത്രി അനുസ്മരിച്ചു.

രാജ്യത്തെ എല്ലാവരെയും വിസ്മയിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലോകം മുഴുവന്‍ ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ്. കേന്ദ്ര ധനകാര്യമന്ത്രിയായും, പിന്നീട് പത്തു വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നപ്പോഴാണ്, രാജ്യത്ത് അതുവരെ നിലനിന്നിരുന്ന സാമ്പത്തിക രീതികള്‍ക്ക് മാറ്റമുണ്ടാക്കി, പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. അതുവരെ സഞ്ചരിച്ചിരുന്ന പാതയില്‍ നിന്നും വ്യത്യസ്തമായ പാതയിലേക്കുള്ള മാറ്റത്തില്‍ നിരവധി വിമര്‍ശനങ്ങളുണ്ടായി. എല്ലാ വെല്ലുവിളികളേയും നേരിട്ടുകൊണ്ടാണ് അദ്ദേഹം പരിഷ്‌കാരം നടപ്പിലാക്കിയത്. പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വന്നതോടെ രാജ്യത്തിന്റെ ഖജനാവ് നിറഞ്ഞു, എക്‌സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. കസ്റ്റംസ് ഡ്യൂട്ടിയും കൂടി. രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം ഡോ. മന്‍മോഹന്‍സിങ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here