News

ഗൂഗിൾപേ–ഫോൺപേ ആധിപത്യത്തിന് വെല്ലുവിളിയായി ആപ്പിൾപേ ഇന്ത്യയിൽ എത്തും

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വൻ മുന്നേറ്റം നടത്തുന്ന ഇന്ത്യയിലേക്ക് ആപ്പിൾപേ (Apple Pay) എത്താനൊരുങ്ങുന്നു. നിലവിൽ ഗൂഗിൾപേയും ഫോൺപേയും ശക്തമായ ആധിപത്യം പുലർത്തുന്ന ഇന്ത്യൻ ഡിജിറ്റൽ ഇടപാട് വിപണിയിലെ സാധ്യതകൾ ലക്ഷ്യമിട്ടാണ് ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ ഈ നീക്കം. ഈ വർഷം അവസാനത്തോടെ തന്നെ ആപ്പിൾപേ സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന രീതിക്ക് പകരം നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് ആപ്പിൾപേ പ്രവർത്തിക്കുക. ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് പേയ്‌മെന്റ് മെഷീനുകൾക്ക് സമീപം കൊണ്ടുപോയാൽ മതി, ലളിതമായ രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും.

ആപ്പിളിന്റെ ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാകും ഇടപാടുകൾ നടക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ആപ്പിൾ വാലറ്റുമായി ബന്ധിപ്പിച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താനുള്ള സൗകര്യവും ആപ്പിൾപേ നൽകും. നിലവിൽ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിപണിയുടെ ഏകദേശം 80 ശതമാനവും നിയന്ത്രിക്കുന്നത് ഫോൺപേയും ഗൂഗിൾപേയുമാണ്. ഈ ശക്തമായ മത്സരത്തിനിടയിൽ ആപ്പിൾപേയ്ക്ക് വേഗത്തിൽ വലിയ സ്വാധീനം ചെലുത്തുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ആപ്പിൾപേ ഉപയോഗിക്കാൻ ഐഫോൺ, ആപ്പിൾ വാച്ച് അല്ലെങ്കിൽ ഐപാഡ് നിർബന്ധമാണ്.

ഇന്ത്യയിൽ ഐഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചുവരുന്നുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളും ഇപ്പോഴും ആൻഡ്രോയിഡ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമങ്ങളിലും ചെറിയ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ക്യൂആർ കോഡ് സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എൻഎഫ്സി റീഡറുകൾ ഇന്ത്യയിൽ പ്രധാനമായും വലിയ നഗരങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ തുടക്കത്തിൽ ഉയർന്ന വരുമാനമുള്ള പ്രീമിയം ഉപയോക്താക്കളെയാകും ആപ്പിൾപേ പ്രധാനമായി ലക്ഷ്യമിടുക. സാധാരണ ഉപയോക്താക്കൾക്കിടയിൽ നിലവിലുള്ള യു.പി.ഐ ആപ്പുകൾ തന്നെ തുടരാനാണ് സാധ്യത. ഇന്ത്യയിലെ നിയമപരമായ അനുമതികൾ ലഭിക്കുന്നതോടെ ആപ്പിൾപേയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ഇതോടെ ഐഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്‌മെന്റ് സംവിധാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button