
തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു അപ്പീലിന്.ഒന്നാംപ്രതി കെഎസ് ജോസും മേൽക്കോടതിയെ സമീപിക്കും. അനുകൂല വിധി നേടിയില്ലെങ്കിൽ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. വിധിപ്പകർപ്പ് വന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് ഉടൻ പുറത്തിറക്കും.
ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്.
ശിക്ഷാ വിധിക്ക് പിന്നാലെ അപ്പീൽ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. പിന്നാലെ 2 ആൾജാമ്യത്തിൽ രണ്ടുപേർക്കും കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാ വിധി ആന്റണി രാജുവിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.1951 ലെ ജനപ്രാധിനിത്യ നിയമപ്രകാരം ആന്റണി രാജു എം.എൽ.എ സ്ഥാനത്തു നിന്നും അയോഗ്യനായി. നിയമസഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കും. ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല.



