
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ പ്രധാന പങ്കാളിയും വിദേശത്തുള്ള പാർവതിയുടെ ഭർത്താവുമായ അനീഷ് മേനോനെയും മറ്റു സഹായികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇവർക്കെതിരെ ഇന്നോ നാളെയോ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പാർവതിക്ക് ജാമ്യം ലഭിച്ചെങ്കിലും ഇവർക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരികയാണ്. സ്ഥാപനം ആരംഭിച്ച കാലം മുതൽ തന്നെ ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
വർഷങ്ങൾക്ക് മുൻപ് പണമടച്ചവർ ഉൾപ്പെടെ നാനൂറോളം ഇരകളാണ് കഴിഞ്ഞദിവസം കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. സ്ഥാപനം വഴി ആരെങ്കിലും വിദേശത്ത് ജോലിക്ക് പോയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനിടെ, പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതികൾ പണം നൽകി ഒത്തുതീർപ്പാക്കാൻ പാർവതിയും കൂട്ടാളികളും ശ്രമിക്കുന്നതായും വിവരമുണ്ട്.
പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് പാർവതി മായ ഷാജി. ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്ഐആർ. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് പാർവതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പാർവതിക്ക് ജാമ്യം അനുവദിച്ചിരുന്നു.



