Kerala

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്.

പാർട്ടി കുടുംബത്തിൽപ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ബിപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കൊച്ചിയിലെ യോഗത്തിൽ വിട്ടു നിന്ന മുതിർന്ന ബിജെപി നേതാക്കൾ പികെ കൃഷ്ണദാസ്, എംടി രമേശ്, ശോഭ സുരന്ദ്രൻ അടക്കമുള്ള നേതാക്കളും സ്വീകരണ യോഗത്തിലുണ്ട്. ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്‍റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രന്‍റെ പ്രതികരണം. ആലപ്പുഴയിൽ കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ മുൻ പ്രസിഡൻറ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികൾ വഹിച്ചിരുന്നു. നേരത്തേ അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയെന്ന പരാതിയിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന ബിബിന്‍റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബു സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button