NationalNews

2021ൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസാണ്,അവരുടെ കൈയിൽ അറസ്റ്റ് വാറണ്ട് പോലും ഉണ്ടായിരുന്നില്ലെന്ന് ഐഷി ഘോഷ്

2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതെന്ന് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്. അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞാണ് അവര്‍ വന്നത്. എന്നാല്‍ അവരുടെ കൈവശം അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. എകെജി ഭവനില്‍ എത്തിയ സിപിഐഎം, സിപിഐ നേതാക്കളോടായിരുന്നു ഐഷി ഘോഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ നേതാവ് ആനി രാജ, സിപിഐഎം നേതാവ് പി കെ ശ്രീമതി അടക്കമുള്ളവര്‍ ഈ സമയം അവിടെയുണ്ടായിരുന്നു. ഏത് കേസിലാണ് പൊലീസ് നടപടിയെന്ന ഡി രാജയുടെ ചോദ്യത്തിനായിരുന്നു 2021ലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണെന്ന് ഐഷി മറുപടി പറഞ്ഞത്. ബംഗ്ല ഭവന് മുന്നില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഐഷി പറയുന്നുണ്ട്.

ഇന്ന് വൈകിട്ടോടെയായിരുന്നു എകെജി ഭവനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഐഷി ഘോഷ് എകെജി ഭവനില്‍ എത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതില്‍ ഒരു ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരുന്നില്ല. ഈ സമയം ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും പൊലീസ് ഉദ്യോഗസ്ഥയോട് സംസാരിക്കുകയും ചെയ്തു. ഏത് കേസിലാണ് പൊലീസ് നടപടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പൊലീസ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ഉദ്യോഗസ്ഥ കേസിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കേസിനെ കുറിച്ച് തനിക്ക് അറിയാമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഈ കേസ് പെന്‍ഡിങ്ങിലാണെന്നും എംപി ചൂണ്ടിക്കാട്ടി. ഇതിനിടെ ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാത്തത് ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യംചെയ്തു. ഹൈക്കോടതിയില്‍ പോയി മടങ്ങി വരുന്നതിനിടെ മഴ പെയ്‌തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമായിരുന്നു ഉദ്യോഗസ്ഥ പറഞ്ഞത്. തുടര്‍ന്ന് യൂണിഫോം ധരിച്ചുവരാന്‍ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button