KeralaNews

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവ്വീസ് തുടങ്ങും ; അതിർത്തി പ്രശ്‌നത്തിലും ധാരണയിലെത്തി ; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ചൈനയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ ധാരണ ആയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സമവായം ആയി.പ്രവർത്തനപരമായ പ്രശ്നങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2026ല്‍ ഇന്ത്യയില്‍ വച്ചുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിന്‍പിങിനെ ക്ഷണിച്ചിട്ടുണ്ട്.

അതിർത്തി കടന്നുള്ള ഭീകരവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. വിഷയത്തിൽ ഇന്ത്യയ്ക്ക് ചൈന പിന്തുണ ഉറപ്പ് നൽകി എന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഇരു രാജ്യങ്ങൾക്കും ഇടയിലെ താല്പര്യങ്ങൾ ഭിന്നതകളെ മറികടന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിഗമനം. എതിരാളികളാകാതെ പരസ്പരം ഒരുമിച്ച് നീങ്ങുന്നതിനുള്ള സമവായം ആയി. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സൗഹാർദ്ദപരവുമായ ബന്ധം 2.8 ബില്യൺ ജനങ്ങൾക്ക് പ്രയോജനകരമാകും. ഏഷ്യയുടെ വളർച്ചക്ക് ഇന്ത്യയും ചൈനയും സഹകരിക്കേണ്ടത് നിർണായകമാണ്.
ആഭ്യന്തര വികസനത്തിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നൽകുന്നത്.

അതേസമയം, തീവ്രവാദ പ്രശ്നങ്ങളും ചർച്ചയായി. ഇന്ത്യയും ചൈനയും തീവ്രവാദത്തിൽ ഒരേ നിലപാട് തന്നെയാണ് വച്ചുപുലർത്തുന്നത്. ഇരു രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പഹൽഗാം ഭീകരാക്രമണം ഉന്നയിച്ചു. പാകിസ്താന് ചൈന നൽകിയ പിന്തുണയെക്കുറിച്ചും സൂചിപ്പിച്ചു. അമേരിക്കയുടെ അധിക തീരുവ മറികടക്കാൻ മറ്റു രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ബന്ധങ്ങൾക്ക് തുടക്കമിടുകയാണ് ഇന്ത്യ. ഗാൽവൻമേഖലയിലെ സംഘർഷം, ബ്രഹ്മപുത്ര നദീജല തർക്കം, അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള ചൈനയുടെ അവകാശതർക്കം എന്നിവയെല്ലാം മാറ്റിവച്ചാണ് പുതിയ സൗഹൃദത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button