News

മുഖ്യമന്ത്രി ചർച്ച: കേരളത്തിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡ്; സതീശനെതിരെ കൊച്ചിയിൽ ഫ്ലക്സ്; കോൺഗ്രസിൽ പോര് മുറുകുന്നു

ദില്ലി: പലതലണ വിലക്കിയിട്ടും തീരാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും, കെപിസിസി അധ്യക്ഷൻ അച്ചടക്കവാൾ ഓങ്ങിയിട്ടും മുഖ്യമന്ത്രി ചർച്ച തുടരുന്നതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്. അനാവശ്യ ചർച്ചകൾ തുടർന്നാൽ നേതാക്കൾ മറുപടി പറയേണ്ടി വരുമെന്ന് എഐസിസി നേതൃത്വം മുന്നറിയിപ്പ് നൽകി. ചർച്ചകൾ വിലക്കിയത് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ്. മുഖ്യമന്ത്രി പദം സംബന്ധിച്ച് രാഹുലിന്‍റെ നിലപാട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നേരിട്ട് നേതാക്കളെ അറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്.

അതിനിടെ മുഖ്യമന്ത്രി പദത്തെ ചൊല്ലി നേതാക്കൾക്കിടയിലും അണികൾക്കിടയിലും അവകാശവാദങ്ങളും വെല്ലുവിളികളും തുടരുകയാണ്. കൊച്ചി നഗരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്ലക്സ് ഉയർന്നു. എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമ‍ർശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സ് ഉയര്‍ത്തിയത്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ളക്സില്‍ പറയുന്നു. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

ഹൈക്കമാൻഡ് വിലക്ക് നില നിൽക്കെയാണ് ചെന്നിത്തലയെ അനുകൂലിച്ച ഇംഗ്ലീഷ് ദിന പത്രത്തിൽ പരസ്യം വന്നതും സതീശനായി ഫ്ലക്സ് ഉയര്‍ന്നതും. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ അനുകൂലിച്ചും സതീശനെ വിമർശിച്ചും ഫ്ലക്സ് ഉയർന്നത്. മുഖ്യമന്ത്രി ചർച്ചയെക്കുറിച്ച് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നുമായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചത്. എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയിൽ സാധാരണയുള്ള രീതിയെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിച്ചപ്പോള്‍ ജനാഭിലാഷം മനസ്സിലാക്കി നേതൃത്വം തീരുമാനമെടുക്കുമെന്നാണ് മുൻമന്ത്രി കെ ബാബുവിന്‍റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button