NewsPolitics

കേരള മുഖ്യമന്ത്രി ചർച്ചകൾ സജീവം; എംഎൽഎമാരെയും ഘടകകക്ഷികളെയും നേരിൽ കണ്ട് നിരീക്ഷകർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകൾ തെരുവിൽ നിറഞ്ഞു കഴിഞ്ഞു.

അതേസമയം, മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും എഐസിസി നിരീക്ഷകർ തീരുമാനിച്ചു. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടു. നേരത്തെ, വിഡി സതീശന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി രം​ഗത്തെത്തി.

കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകും
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.


47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെസി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎൽഎമാർ ഒപ്പമെന്നാണ് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. എന്നാൽ, നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്ക് ഉണ്ട്. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെ പലർക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. എംഎൽഎമാരുമായി തുടർച്ചയായി ആശയവിനിമയം ഗ്രൂപ്പ് നേതാക്കൾ നടത്തുന്നുണ്ട്.

മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടിയിട്ടുണ്ട്. രാഹുലിന്റെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയാരെന്നതിൽ തന്റെ നിലപാട് ഖർഗെയോടും രാഹുൽ വ്യക്തമാക്കുന്നില്ല.

സതീശനെ പിന്തുണച്ച് കെഎം ഷാജി
പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി ഡി സതീശൻ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞുവെന്ന് കെഎം ഷാജി പറഞ്ഞു. അദ്ദേഹത്തെ നിയോഗിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു എന്നതിന്റെ തെളിവാണ് യുഡിഎഫിന്‍റെ വലിയ വിജയം. ഇനി അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല. 102സീറ്റുകൾ നൽകിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

മന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു തർക്കത്തിന് ലീഗ് ഇല്ലെന്നും കെഎം ഷാജി വ്യക്തമാക്കി. സ്റ്റാറ്റസ്കോ നിലനിർത്തുക എന്നതാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു ഡിമാൻഡ് ലീഗ് ഉന്നയിക്കില്ല, ഈ ഗംഭീര വിജയത്തിന്റെ മറവിൽ ഒരു പുതിയ ഡിമാൻഡും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു. എസ്എൻഡിപി നേതാവ് വെള്ളാപ്പപ്പള്ളി നടേശന്‍റെ വിമർശനം യുഡിഎഫിന് ഗുണകരമായി. സമൂഹത്തെ ബാധിക്കുന്ന, മനുഷ്യനെ ബാധിക്കുന്ന ഏതു വിഷയമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിട്ടുള്ളത്. ലീഗ് ജനങ്ങളുടെ കൂടെ നിന്നപ്പോൾ ജനം ഒന്നിച്ചു ലീഗിന്റെ കൂടെ നിന്നുവെന്നും ഷാജി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button