KeralaNews

സെക്രട്ടേറിയറ്റിന്റെ ‘സമര കവാടം’ വീണ്ടും തുറന്നു; നടപടി നീണ്ട 10 വര്‍ഷത്തിന് ശേഷം

നീണ്ട പത്തു വര്‍ഷത്തിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് തുറന്നു. ഗേറ്റിന് മുന്നിലുണ്ടായിരുന്ന പൊലീസ് ബാരിക്കേഡുകള്‍ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിലാണ് ഈ നടപടി.

സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളും സമരങ്ങളും സാധാരണയായി നടക്കാറുള്ള ഈ ഗേറ്റിനെ പൊതുവെ ‘സമര കവാടം’ എന്നാണ് അറിയപ്പെടുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ഗേറ്റ് കുറച്ചുനാള്‍ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഗേറ്റ് അടയ്ക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് ആവേശപൂര്‍വ്വം തുറന്നത്. പൊതുജനങ്ങള്‍ ഈ കവാടത്തിലൂടെ നേരത്തെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊതുജന പരാതി പരിഹാര സെല്ലും ഈ പ്രവേശന കവാടത്തിലൂടെയുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.

നിലവില്‍ ഈ ഗേറ്റിലൂടെയുള്ള പ്രവേശനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങള്‍ മുന്‍പത്തെപ്പോലെ തന്നെ ‘കന്റോണ്‍മെന്റ് ഗേറ്റ്’ വഴി വേണം ഉള്ളിലേക്ക് പ്രവേശിക്കാനെന്നാണ് അറിയിപ്പ്. സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ കൊട്ടിയടച്ച് രാവണന്‍ കോട്ടയായി മാറ്റിയ നടപടിയില്‍ നിന്നും മോചനം ലഭിച്ചെന്ന് വെളിപ്പെടുത്താനാണ് ഗേറ്റ് തുറന്നതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button