KeralaNews

നുണ പ്രചാരണം; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ വിശദീകരണവുമായി നടന്‍ ജയസൂര്യ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് നടൻ ജയസൂര്യ. മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണെന്നും ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നത് നിയമാനുസൃതമായാണ്. ഏഴാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തനിയ്ക്കോ ഭാര്യക്കോ സമൻസ് ലഭിച്ചിട്ടില്ലെന്നും ജയസൂര്യ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

‘കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് എനിക്കോ ഭാര്യക്കോ ഇഡിയിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി, ഞാൻ ഹാജരായി.29ന് ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങൾ ഹാജരായിരുന്നു.അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ?’. ജയസൂര്യ ചോദിക്കുന്നു.

കേസിൽ കഴിഞ്ഞ ദിവസം നടനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യം ചെയ്തത്. രണ്ടുവർഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമിനെ പൊലീസ് അറസ്റ്റ്‌ ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button