KeralaNews

‘വിശ്രമിക്കാൻ വന്നതാണ് ഈ വീട്ടിൽ, ചായ കുടിക്കവേ ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കി’; കിറ്റ് വിവാദത്തിൽ പ്രതികരിച്ച് ദേവൻ

വാടാനപ്പള്ളിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ദേവന്‍. യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണെന്ന് ദേവന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വാടാനപ്പള്ളിയിലെത്തിയത് കുടുംബയോഗത്തിനാണെന്നും ചായ കുടിക്കാനാണ് ഗോഡൗണിന് മുകളിലുള്ള വീട്ടിലെത്തിയതെന്നും ദേവന്‍ പറഞ്ഞു. ‘യുഡിഎഫും എല്‍ഡിഎഫും നുണ പറയുന്ന പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലേ. അവര്‍ നുണയാണ് പറയുന്നത്. പല സ്ഥലങ്ങളിലും എനിക്ക് കുടുംബ യോഗത്തിന് പോകണം. ഇന്നത്തെ പരിപാടി രാവിലെ എട്ട് മുതല്‍ രാത്രി വരെയാണ്. എട്ട് കുടുംബയോഗങ്ങളില്‍ പങ്കെടുക്കണം. അത് പ്രകാരം നാലാമത്തെ കുടുംബയോഗം വാടാനപ്പള്ളിയിലാണ്. അര മണിക്കൂര്‍ വൈകി പരിപാടി ആരംഭിക്കുകയുള്ളുവെന്ന് അറിയിച്ചപ്പോള്‍ എന്റെ കൂടെ വന്ന പാര്‍ട്ടിയിലെ സുഹൃത്ത് ഈ വീട്ടില്‍ ചായ കുടിച്ചിരിക്കാമെന്ന് പറഞ്ഞു’, ദേവന്‍ കൂട്ടിച്ചേര്‍ത്തു.

കൂടെ വന്ന സുഹൃത്തിന്റെ സുഹൃത്തിന്റെ വീടാണിതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ചായ കുടിച്ചിരിക്കുമ്പോള്‍ താഴെ വലിയ ബഹളം കേട്ടെന്നും നോക്കിയപ്പോള്‍ ടി എന്‍ പ്രതാപന്‍ മുദ്രാവാക്യം വിളിക്കുന്നത് കണ്ടെന്നും ദേവന്‍ പറഞ്ഞു. കിറ്റ് ശേഖരിച്ച് വന്ന് പോകാനാണ് താന്‍ വന്നതെന്ന് പറഞ്ഞായിരുന്നു മുദ്രാവാക്യമെന്നും ദേവന്‍ പറഞ്ഞു. ‘യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നോണ്‍സെന്‍സാണ്. യാദൃശ്ചികമായാണ് ഇവിടെ എത്തിയത്. കിറ്റുമായി ബിജെപിക്ക് ബന്ധമില്ല. അങ്ങനെ ചെയ്യുന്ന പാര്‍ട്ടിയല്ല ബിജെപി. ഞാന്‍ വന്ന് പത്ത് മിനിറ്റുള്ളിലാണ് ടി എന്‍ പ്രതാപനും സംഘവും വന്ന് മുദ്രാവാക്യം വിളിക്കുന്നത്. എന്നെ അവര്‍ പിന്തുടരുന്നു എന്നതല്ലേ അതിന് അര്‍ത്ഥം. അവര്‍ പ്ലാന്‍ ചെയ്തതാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയോടാണ് കിറ്റ് എങ്ങനെ വന്നു എന്ന് ചോദിക്കേണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചോട്ടെ. ഞങ്ങളുടെ ഭാഗത്ത് സത്യം മാത്രമേയുള്ളു’, ദേവന്‍ കൂട്ടിച്ചേര്‍ത്തു.

മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button