ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയുൾപ്പെടെ ഏഴ് എംപിമാർ ബിജെപിയിലേക്ക്; പഞ്ചാബിൽ എഎപിക്ക് കനത്ത പ്രഹരം

ദില്ലി: ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ അവകാശപ്പെട്ടത്. താൻ 15 വർഷത്തോളം എഎപിക്കായി സ്വയം സമർപ്പിച്ചെന്നും എന്നാൽ പാർട്ടി ഇപ്പോൾ അതിന്‍റെ ലക്ഷ്യങ്ങളിൽ നിന്നും അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും രാഘവ് ഛദ്ദ ആരോപിച്ചു. താൻ തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



