News

വിദേശ സർവകലാശാലകളും വൻകിട നിക്ഷേപങ്ങളും ലക്ഷ്യം; കേരളത്തിൽ ‘നോളജ് വാലി’ പദ്ധതിക്ക് പുതിയ ബിൽ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും വഴിയൊരുക്കി കേരളത്തിൽ ‘നോളജ് വാലി’ യാഥാർത്ഥ്യമാകുന്നു. വിദേശ സർവകലാശാല ക്യാമ്പസുകൾ, പുതിയ കമ്പനികൾ, ആധുനിക കോഴ്സുകൾ എന്നിവയുൾപ്പെടെ സമഗ്ര മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പുതിയ ബിൽ ഡിസംബർ 1 ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പ്രത്യേക ഇളവുകളും ബില്ലിൽ വിഭാവനം ചെയ്യുന്നുണ്ട്.

വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പരാമർശിച്ച നോളജ് വാലിയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന കരട് ബില്ലിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്കാരങ്ങളാണ് യു.ഡി.എഫ്. സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും നവസംരംഭങ്ങളും സംയോജിപ്പിക്കുന്നതാണ് പദ്ധതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോ സ്പേസ്, ഐ.ടി., ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ നൽകുന്ന ദേശീയ-വിദേശ സ്ഥാപനങ്ങൾ, ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂണിറ്റുകൾ, തുടർന്നുണ്ടാകുന്ന തൊഴിലവസരങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഭൂമി ഏറ്റെടുക്കൽ നടപടികൾ ലഘൂകരിക്കും. സർക്കാർ ഏറ്റെടുത്ത് നൽകുകയോ സ്വകാര്യ ഭൂമി ലാൻഡ് പൂൾ ചെയ്യുകയോ ചെയ്യും. കിൻഫ്രയുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഭൂമിയും പരിഗണനയിലുണ്ട്. അനുമതികൾ വേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തും. കൂടാതെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, കെട്ടിട നികുതി എന്നിവയിലും നിക്ഷേപകർക്ക് ഇളവുകൾ ലഭിക്കും. നോളജ് വാലിയുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനും ഉന്നതവിദ്യാഭ്യാസ-ഐ.ടി., വ്യവസായ-കായിക മന്ത്രിമാർ ഉപാധ്യക്ഷന്മാരുമായിരിക്കും.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള ഒഴുക്ക് തടയുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. നോളജ് വാലിക്കൊപ്പം സ്വകാര്യ സർവകലാശാലാ ബില്ലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ ഇടത് സർക്കാരിന്റെ കാലത്ത് സി.പി.ഐ.-സി.പി.എം. തർക്കത്തെ തുടർന്ന് ഒഴിവാക്കിയ ‘വിസിറ്റർ’ പദവി പുനഃസ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കും വിസിറ്റർ. സ്ഥാപനങ്ങൾ തുടങ്ങാൻ 20 ഏക്കർ ഭൂമി വേണമെന്ന നിബന്ധന 10 ഏക്കറായി കുറയ്ക്കും. 25 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി, നിക്ഷേപത്തുക നിശ്ചയിക്കാനുള്ള അധികാരം സർക്കാരിന് നൽകും. ആകെ സീറ്റുകളിൽ 25 ശതമാനം കേരളത്തിൽ സ്ഥിരതാമസമുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുകയും സംവരണ വ്യവസ്ഥകൾ പാലിക്കുകയും വേണം. വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടമായി സർക്കാർ ഇതിനെ കാണുമ്പോഴും, റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കൽ, പൊതുവിദ്യാഭ്യാസ മേഖലയോടുള്ള അവഗണന, വിദ്യാഭ്യാസ കച്ചവടവൽക്കരണം തുടങ്ങിയ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button