
ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നവംബർ 25 ഇന്നത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങാത്തതിനാലും രണ്ടാമത്തെ വെടി കൊള്ളാതെ പോയതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലുമാണ് ദൗത്യം നിർത്തിവച്ചത്. ചക്കക്കൊമ്പനെ ഇന്ന് രാത്രി മുഴുവൻ വനംവകുപ്പ് നിരീക്ഷിക്കുകയും നാളെ നവംബർ 26 പുലർച്ചെ 4.30-ഓടെ ദൗത്യം പുനരാരംഭിക്കുകയും ചെയ്യും.
ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ചക്കക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. വെടിയേറ്റതിന് പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. അരമണിക്കൂറിനുള്ളിൽ മയങ്ങുമെന്നാണ് ഉദ്യോഗസ്ഥർ കരുതിയിരുന്നത്. എന്നാൽ ആന മയങ്ങാത്തതിനെ തുടർന്ന് വീണ്ടും മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഓമനക്കുഴിയിലേക്ക് എത്തിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
നേരത്തെ സുരക്ഷിതമല്ലാത്ത സ്ഥലമായതിനാലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും ഉച്ച വരെ ദൗത്യം നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് ചക്കക്കൊമ്പനെ വനംവകുപ്പ് സംഘം ആദ്യം കണ്ടെത്തിയത്.




