News

അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം ശരീരത്തിൽ; സുഹൈലിനെ അറസ്റ്റ് ചെയ്ത് എക്സൈസ്

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനിക്കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ (19) എക്‌സൈസ് അറസ്റ്റ് ചെയ്‌തു. 23 വയസാകുന്നതിന് മുമ്പ് മദ്യപിച്ചുവെന്ന് കണ്ടെത്തിയതിന് സുഹൈലിനെതിരെ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. അനുവദനീയമായതിലും അഞ്ചിരട്ടി മദ്യമാണ് സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നത്. ജാമ്യത്തിൽ കഴിയുന്ന സുഹൈലിനെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ആലുവ എക‌്സൈസ് റേഞ്ചാണ് അബ്‌ക്കാരി നിയമത്തിലെ 15 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിയമപ്രകാരം 23 വയസിൽ താഴെയുള്ളവർ മദ്യപിക്കാൻ പാടില്ല. സുഹൈൽ കൊച്ചി നഗരത്തിലെ വിവിധ ബാറുകളിൽ നിന്ന് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. അവസാനം കയറിയ കോർട്ട്യാർഡ് മാരിയറ്റിൽ നിന്ന് മാത്രം 4,396 രൂപയ്‌ക്കാണ് മദ്യം കുടിച്ചത്.

ഇവിടെ നിന്നിറങ്ങി നാല് കിലോമീറ്റർ മാത്രം അകലെയുള്ള എയർപോർട്ട് സിഗ്നലിന് സമീപത്തുവച്ച് വെളുപ്പിന് രണ്ട് മണിയോടെയാണ് സുഹൈൽ ഓടിച്ച വാഹനം അപകടത്തിൽപ്പെടുന്നത്.മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലെത്തിയ കാർ മുന്നിലൂടെ പോയ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാർ കമ്പനി അന്വേഷണ സംഘത്തിന് നൽകിയ റിപ്പോർട്ട് പ്രകാരം, അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് 162 കിലോമീറ്റർ വേഗതയിലായിരുന്നു കാർ സഞ്ചരിച്ചത്. കൂട്ടിയിടിക്കുന്ന സമയത്ത് 144 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മാത്രം മുമ്പാണ് ബ്രേക്ക് പെഡൽ അമർത്തിയത്.

വെറും 11 സെക്കൻഡ് കൊണ്ടാണ് വാഹനം 500 മീറ്റർ ദൂരം പിന്നിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളും സൂചിപ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ 36 ദിവസത്തെ തടവുകാലത്തിന് ശേഷം കഴിഞ്ഞ ആഴ്‌ചയാണ് സുഹൈൽ പുറത്തിറങ്ങിയത്. പ്രേരണക്കുറ്റം ചുമത്തിയിട്ടുള്ള സഹപ്രതികളായ ജോയൽ എസ് ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button