എഫ് ട്യൂൺ ക്രീം വിവാദം: കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിൽ; ഇന്ന് നോട്ടീസ് നൽകും

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ വാങ്ങിയ എഫ് ട്യൂൺ ക്രീമിലെ അമിത മെർക്കുറി മലപ്പുറം സ്വദേശിയായ 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച സംഭവത്തിൽ വഴിത്തിരിവ്. ഫേസ്ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ ബന്ധപ്പെട്ടത് ഈ നമ്പറിൽ നിന്നാണെന്ന് പൊലീസ് പറയുന്നു. നമ്പറുടമയ്ക്ക് ഇന്ന് നോട്ടീസ് നൽകും. കേസിൽ കാസർകോട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും ഓൺലൈൻ വില്പനയടക്കം കർശനമായി തടയാനുള്ള നടപടിയാരംഭിച്ചിരിക്കുകയാണ് ആരാേഗ്യ വകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉത്പന്നങ്ങൾ, ചർമ്മത്തിന്റെ നിറവും സൗന്ദര്യവും വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും.
ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ദുബായ് നിർമ്മിത ഫെയർനസ് ക്രീം ഒരു വർഷത്തോളമാണ് പെൺകുട്ടി ഉപയോഗിച്ചത്. ക്രീമിൽ അമിത അളവിലെ മെർക്കുറി അടങ്ങിയതാണ് വില്ലനായത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ അനുവദനീയ അളവ് ഒരു പി.പി.എം (പാർട്സ് പെർ മില്യൺ) മാത്രമാണ്. എന്നാൽ, പെൺകുട്ടി പുരട്ടിയ ക്രീമിൽ 1.25 ശതമാനം മെർക്കുറി കണ്ടെത്തി. 12,500 മടങ്ങ് അധികം. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.




