ധനരാജ് വധക്കേസ് വിധി: ‘ആർ.എസ്.എസ് വാദം പൊളിഞ്ഞു, സർക്കാർ അപ്പീൽ നൽകണം’; കെ.കെ. രാഗേഷ് പ്രതികരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് സി.പി.എം നേതാവ് കെ.കെ. രാഗേഷ്. കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ പങ്കില്ലെന്ന ആർ.എസ്.എസ് വാദമാണ് ഇതോടെ പൊളിഞ്ഞതെന്നും, ആർ.എസ്.എസ് ക്രിമിനലുകൾക്കെതിരെയാണ് കോടതി വിധിയെന്നും കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടി.
കേസിലെ മറ്റ് ചില പ്രതികളെ വെറുതെ വിട്ടത് സംശയത്തിന്റെ ആനുകൂല്യം നൽകിയതിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെതിരെ അപ്പീൽ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം സാക്ഷി സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആയതുകൊണ്ടാണ് കോടതി മൊഴി സ്വീകരിക്കാതിരുന്നതെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി രാമന്തളി സ്വദേശി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. നാല് മുതൽ ഇരുപത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി നവംബർ 24 ന് പ്രസ്താവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.




