പേട്ടയിൽ വികാരിക്കെതിരെ പ്രതിഷേധം; പൊതുസ്ഥലത്തെ മദ്യപാനക്കേസ് പ്രതി സ്ഥാനമൊഴിയണമെന്ന് ആവശ്യം

തിരുവനന്തപുരം: പേട്ട സെന്റ് ആൻസ് പള്ളിവികാരിക്കെതിരെ ഒരുകൂട്ടം വിശ്വാസികളുടെ പ്രതിഷേധം. പൊതുസ്ഥലത്ത് മദ്യപിച്ചതിന് വികാരി ഫാദർ തിയോഡീഷസ് ഡിക്രൂസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. വികാരി മാറിനിൽക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേസിന്റെ രേഖകൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.
ഇക്കഴിഞ്ഞ 15ന് രാത്രിയാണ് പാെതുസ്ഥലത്ത് മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് കേസെടുത്തത്. ബിസിസി കൗൺസിൽ തിരഞ്ഞെടുപ്പ് ജയം ആഘോഷിക്കാൻ ലോർഡ്സ് ഹോസ്പിറ്റലിന് സമീപം കാറിന്റെ ബോണറ്റിൽ വച്ച് മദ്യപിക്കുകയായിരുന്നുവെന്നും ഓടിച്ചിട്ടാണ് വികാരിയെ പൊലീസ് പിടികൂടിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇത്തരത്തിലുള്ള ഒരാൾ കുർബാന നടത്താനോ ഉപദേശം നൽകാനോ അർഹനല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ആരോപണവിധേയനെ സ്ഥാനത്തുനിന്ന് മാറ്റുകയോ കുർബാന നടത്താൻ പകരം വൈദികനെ നിയോഗിക്കുകയോ വേണമെന്നും അവർ ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തീരുമാനം.എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വികാരിയെ അനുകൂലിക്കുന്നവർ പറയുന്നത്. ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്നും പള്ളിയിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതും കണക്കുകൾ ചോദിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചതെന്നും അവർ പറയുന്നു.




