രാത്രിയിൽ വിദ്യാർത്ഥിനിയെ പാതിവഴിയിൽ ഇറക്കിവിട്ടെന്ന് പരാതി; കെഎസ്ആർടിസിക്കെതിരെ മാതാപിതാക്കൾ

ആലപ്പുഴ: വിദ്യാർത്ഥിനിയെ രാത്രി ഒറ്റയ്ക്ക് പാതിവഴിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എറണാകുളത്തുനിന്ന് ഹരിപ്പാട്ടേയ്ക്ക് ടിക്കറ്റെടുത്ത ബികോം വിദ്യാർത്ഥിനിയാണ് കെഎസ്ആർടിസിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പന്തളം സ്വദേശിനിയാണ് വിദ്യാർത്ഥിനി.
നവംബർ ഏഴിന് രാത്രി 8.30ഓടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ആർപിസി 332-ാം നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോൾ സർവീസ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ മാർഗം ഒരുക്കി നൽകിയില്ലെന്നും പരാതിയിലുണ്ട്. ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് രണ്ട് മണിക്കൂറോളം കാത്തുനിന്ന പെൺകുട്ടിയെ മാതാപിതാക്കൾ എത്തിയാണ് വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
തുടർന്ന് ഇവർ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. സംഭവമറിഞ്ഞ പന്തളത്തെ ഒരു പൊതുപ്രവർത്തകൻ യാത്രക്കാരെ ഇറക്കിവിട്ടത് ചേർത്തല ഡിപ്പോയിലേതാണെന്ന് കണ്ടെത്തി അവിടത്തെ അധികൃതരുമായി ബന്ധപ്പെട്ടു.
റോഡിലെ തിരക്കുമൂലമാണ് ബസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചതെന്നായിരുന്നു ആദ്യ മറുപടി. എന്നാൽ പിന്നീട് ബസിന് തകരാർ സംഭവിച്ചതാണെന്ന് തിരുത്തി.ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ സ്വീകരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാനസികബുദ്ധിമുട്ട് അനുഭവിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബം വനിതാ ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകളിലും പരാതി നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.



