News

‘കമ്മീഷണറെ മാറ്റിയത് എന്തിന്? യുഡിഎഫ് സർക്കാരിനെതിരെ അഴിമതി ആരോപണം; മുഖ്യമന്ത്രിയോട് മറുപടി തേടി ടി.പി. രാമകൃഷ്ണൻ!

തിരുവനന്തപുരം: യുഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉയർന്നുവരുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മന്ത്രിമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്ന നിലപാടുകളാണ് നിലവിൽ പുറത്തുവരുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, വിഷയത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ പെട്ടെന്ന് മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ടെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതും സ്ഥലം മാറ്റി ദ്രോഹിക്കുന്നതും സർക്കാരിന്റെ സ്ഥിരം അജണ്ടയാണെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. കേരള ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ദ്രോഹ നടപടികളാണ് നടക്കുന്നത്. അഴിമതിയെ എതിർക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് മാറ്റുകയും, അഴിമതിക്ക് വഴങ്ങുന്നവരെ പകരം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തെ മാറ്റിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തത് കൊണ്ടാണ്. വൈദ്യുതി മന്ത്രിക്കും ബോർഡിനും തമ്മിൽ പല കാര്യങ്ങളിലും ഭിന്നാഭിപ്രായമാണുള്ളതെന്നും സർക്കാരിന്റേത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം തുറന്നടിച്ചു.

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ നിലവിലുള്ള രീതി തുടരുകയാണ് കീഴ്‌വഴക്കമെന്നിരിക്കെ, എക്സൈസ് കമ്മീഷണറെ പെട്ടെന്ന് മാറ്റിയത് എക്സൈസ് വകുപ്പിൽ നടക്കുന്ന വൻ അഴിമതിയുമായി ബന്ധപ്പെട്ടാണ്. കാര്യങ്ങൾ അടിമുടി ദുരൂഹവും സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയുമാണ്. മന്ത്രിയെ പോലും സംശയനിഴലിൽ നിർത്തുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഇതിന് മറുപടി പറയാനുള്ള ഉത്തരവാദിത്തം മന്ത്രിക്കും മുഖ്യമന്ത്രിക്കുമുണ്ട്. ഉയർന്നു വന്ന ആരോപണങ്ങളിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button