സ്വയംഭരണ കോളേജുകൾക്ക് വൻ ഇളവുകൾ; പുതിയ കോഴ്സുകൾ തുടങ്ങാൻ ഇനി സർക്കാർ അനുമതി വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. പുതിയ കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. കോഴ്സുകൾക്ക് വർഷാവർഷം അനുമതി പുതുക്കി നൽകുന്ന രീതി അവസാനിപ്പിച്ച് ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ എൻഒസി നൽകാനാണ് തീരുമാനം.
സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ സ്വാശ്രയ സ്ട്രീമിന് കീഴിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധനവിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഈ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം എന്നുമാത്രം.ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വർദ്ധനവിൽ അതത് സർവകലാശാലകൾക്കോ റഗുലേറ്ററി അതോറിറ്റിക്കോ തീരുമാനമെടുക്കാം. ഇതിനായി പ്രത്യേകം സർക്കാർ അനുമതി തേടേണ്ടതില്ല. അനുമതി പത്രത്തിനായി ഒരു കോഴ്സിന് 650 രൂപ വീതം ചലാൻ ഫീസും,810 രൂപ അഫിഡവിറ്റ് ഫീസും (രണ്ടും 3 വർഷത്തേക്ക്) അടയ്ക്കണമെന്നാണ് പുതിയ ചട്ടം. 2026-27 അദ്ധ്യയന വർഷത്തിൽ അനുമതി ലഭിച്ച കോളേജുകൾ 2029-30ൽ പുതുക്കുമ്പോൾ 2027-28, 2028-29 വർഷങ്ങളിലെ ഫീസ് ഒടുക്കിയാൽ മതിയെന്ന് സർക്കുലറിൽ പറയുന്നുണ്ട്.
ഓരോ അക്കാദമിക് വർഷത്തിലും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരങ്ങൾ സർവകലാശാലകൾ സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. നിലവിലുള്ള നിയമങ്ങളിൽ പറയാത്ത വിഷയങ്ങൾക്കും, സർവകലാശാല/റഗുലേറ്ററി ബോഡി തീരുമാനങ്ങളിൽ പുനഃപരിശോധനയോ സർക്കാർ ഇടപെടലോ ആവശ്യമുള്ള സാഹചര്യങ്ങളിലും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.പുതിയ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്. സ്വയംഭരണ കോളേജുകൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമൊരുക്കുന്നതാണ് സർക്കാർ തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്.




