News

കാലടി സർവകലാശാലാ സമരത്തിന് പിന്തുണയുമായി പ്രകാശ് രാജ്; ‘സമരം നീണ്ടാൽ ഞാനും കുത്തിയിരിക്കും’, മോദിക്കെതിരെയും വിമർശനം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സമരം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ നടന്‍ പ്രകാശ് രാജ്. സമരം നീളുകയാണെങ്കിൽ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിപ്പ് സമരം തുടങ്ങുമെന്ന് സമരപ്പന്തൽ സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളോട് മറുപടി പറയുന്നതിന് പകരം പ്രതികാര നടപടിയെടുക്കുന്നത് ശരിയല്ലെന്നും, ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകൂടവും മോദി സർക്കാരിനെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രകാശ് രാജ് വിമർശിച്ചു.

തെറ്റ് ചെയ്യാത്ത കുട്ടികളെ എന്തിനാണ് നിർബന്ധിച്ച് മാപ്പുപറയിക്കുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും സർഗ്ഗവാസനയില്ലാത്ത ആളാണ് കാലടി സർവകലാശാല വിസിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിന് ആധാരമായ കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികളോട് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. സസ്‌പെന്‍ഷനിലായ പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അര്‍ച്ചന എന്നിവരാണ് നിലവിൽ വിസി ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത്.

നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം 12 വിദ്യാര്‍ഥികള്‍ മാപ്പെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നും, നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടുമാസം കൂടി നീട്ടാമെന്നുമാണ് തീരുമാനിച്ചത്. എന്നാൽ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ. തിയറ്റര്‍ ആര്‍ട്‌സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങൾ നന്നാക്കുക, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രതികാര നടപടിയെടുത്തതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത് ഒരു നാടകം മാത്രമായിരുന്നുവെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

നേരത്തെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നുവെങ്കിലും സര്‍വകലാശാല അപ്പീൽ നൽകിയതിനെ തുടർന്ന് ഡിവിഷന്‍ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥികൾ നിയമപോരാട്ടം തുടരുകയാണ്. സർവകലാശാലയിലെ കുട്ടികൾക്ക് പരീക്ഷയെഴുതാനുള്ള അവസരം നൽകണമെന്ന് മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button