വൻ ഇടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 45 രൂപ കൂടി 12,775 രൂപയിലെത്തി. പവന് 360 രൂപ കൂടി 1,02,200 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ കേരളത്തിലുണ്ടായത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്.
ഇന്ധനവിലക്കയറ്റവും പണപ്പെരുപ്പഭീതിയും ആഗോള വിപണിയിൽ ശക്തമായതോടെ സ്വർണത്തിനും വെള്ളിക്കും കഴിഞ്ഞദിവസങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പണം പിൻവലിച്ചതാണ് വിലയിടിവിന് ആക്കം കൂട്ടിയത്. അമേരിക്കൻ ഓഹരിവിപണിയിലെ ഇടിവും സ്വർണവിൽപ്പനയ്ക്ക് ആക്കം കൂട്ടി. ഓഹരികളിലെ നഷ്ടം നികത്താനും പണം കണ്ടെത്താനും നിക്ഷേപകർ സ്വർണം വിറ്റഴിച്ചതായാണ് വിലയിരുത്തൽ.
നാണയപ്പെരുപ്പം പ്രധാന വെല്ലുവിളി ക്രൂഡോയിൽ വില ഉയർന്നതോടെ അമേരിക്കയിൽ പണപ്പെരുപ്പം വീണ്ടും ശക്തമാകുമെന്ന ആശങ്ക ശക്തമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് പലിശ ഉയർത്തുകയോ ഉയർന്ന നിരക്കുകൾ ദീർഘകാലം നിലനിർത്തുകയോ ചെയ്യുമെന്ന പ്രതീക്ഷ യു.എസ് ബോണ്ട് യീൽഡിനെ സ്വാധീനിക്കുന്നു.
ഇതോടെ പലിശ വരുമാനമില്ലാത്ത നിക്ഷേപമായ സ്വർണത്തിന്റെ ആകർഷണം കുറഞ്ഞു. വൻകിട ഫണ്ടുകൾ സ്വർണത്തിലും വെള്ളിയിലുമുള്ള നിക്ഷേപം കുറച്ച് യു.എസ് ബോണ്ടുകളിലേക്ക് മാറുകയാണ്.
വെള്ളിവില സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയാണ്. 10 ഗ്രാമിന് 2,000 രൂപയിലാണ് വ്യാപാരം നടക്കുക.




