ബ്രിട്ടീഷ് നാവികസേനയെയും വ്യോമസേനയെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ; രഹസ്യാന്വേഷണ ഏജൻസിയായ MI6-നെ ശത്രുസംഘടനയായി വിശേഷിപ്പിച്ചു

ടെഹ്റാൻ: ബ്രിട്ടനുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ. ബ്രിട്ടന്റെ റോയൽ നേവിയെയും റോയൽ എയർഫോഴ്സിനെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6-നെ ശത്രുസംഘടനയായും ഇറാൻ വിശേഷിപ്പിച്ചു.
ബ്രിട്ടൻ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് തിരിച്ചടിയായാണ് ഇറാന്റെ നടപടി. ജൂലൈ 13-ന് ബ്രിട്ടൻ നടപ്പാക്കിയ സ്റ്റേറ്റ് ത്രെറ്റ്സ് ആക്ട് 2026 പ്രകാരമായിരുന്നു IRGC-ക്കെതിരായ നടപടി.അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടൻ പിന്തുണ നൽകിയെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സൈനിക താവളങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൈനിക-ലോജിസ്റ്റിക് സഹായങ്ങളും ഇതിനായി ഉപയോഗിക്കാൻ അനുവദിച്ചുവെന്നാണ് ഇറാന്റെ ആരോപണം.ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികളെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ദേശീയ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്നും അന്താരാഷ്ട്ര നിയമത്തിലെ പരസ്പര നടപടിയെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇറാൻ അവകാശപ്പെട്ടു.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ഇറാനുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെയാണ് പുതിയ പ്രഖ്യാപനം. ഇറാന്റെ നീക്കം ബ്രിട്ടനുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.


