Kerala

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടെന്ന് സംശയം; വിജിലൻസ് എസ്.ഐ.ടി അന്വേഷണം തുടങ്ങി

കണ്ണൂർ : കണ്ണൂരിൽ വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) നടപടികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകൾ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്ന് സംഘം ശേഖരിച്ചു.

കണ്ണൂർ കലക്ടറേറ്റിൽനിന്നും ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.കണ്ണൂർ ജില്ലയിൽ വ്യവസായ പദ്ധതികൾക്കായി 4,896 ഏക്കർ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും ഭൂമിയുടെ വില നിർണയത്തിലും നഷ്ടപരിഹാരം നിശ്ചയിച്ചതിലും വീഴ്ചകളുണ്ടായിട്ടുണ്ടോയെന്നും അന്വേഷണം പരിശോധിക്കും.വിജിലൻസ് എസ്.പി ഇ.എൻ. സുരേഷിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിൽ രണ്ട് ഡിവൈ.എസ്.പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നു.

വിജിലൻസ് ആസ്ഥാനത്തെ ഡി.ഐ.ജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.വ്യക്തമായ ചെലവ്-ലാഭ പഠനമില്ലാതെയും സാമ്പത്തികമായി പ്രായോഗികമായ പദ്ധതികൾ നിർണയിക്കാതെയും ഇത്രയും വലിയ തോതിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സർക്കാർ സംശയം ഉന്നയിച്ചിട്ടുണ്ട്. ഭൂമിയുടെ വില നിർണയത്തിൽ ക്രമക്കേടുകളോ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടോയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും.റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥ സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിശദമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമ്പത്തികവും ഭരണപരവുമായ നടപടികളിൽ വീഴ്ചകളുണ്ടായെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ.അതേസമയം, വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനും വ്യവസായ പാർക്കുകൾക്കും ആവശ്യമായ ഭൂമി ദീർഘകാല ലക്ഷ്യത്തോടെയാണ് ഏറ്റെടുത്തതെന്നും നടപടികളെ രാഷ്ട്രീയ നീക്കമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്. ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണത്തിന് ശേഷമേ വ്യക്തതയുണ്ടാകൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button