സംസ്ഥാനത്ത് കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും

തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യതയില്ലാതെ നിയമനം നേടിയ അധ്യാപകർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. ആവശ്യമായ യോഗ്യതയില്ലാതെ നിയമനം നേടിയവരെ സർവീസിൽനിന്ന് പിരിച്ചുവിടാനും കെ-ടെറ്റ് യോഗ്യതയില്ലാതെ ലഭിച്ച സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കാനും നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയ അധ്യാപകരെയാണ് ഉത്തരവ് പ്രധാനമായും ബാധിക്കുക.
സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.കെ-ടെറ്റ് യോഗ്യത നേടാതെ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരുടെ പ്രമോഷൻ റദ്ദാക്കി മാതൃതസ്തികയിലേക്ക് തിരിച്ചയക്കാനും ഉത്തരവിൽ നിർദേശമുണ്ട്. ഇതോടെ യു.പി. വിഭാഗത്തിൽനിന്ന് ഹൈസ്കൂൾ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവരടക്കമുള്ള അധ്യാപകർക്ക് തിരിച്ചടി നേരിടും.അതേസമയം, 2025 സെപ്റ്റംബർ ഒന്നിനുശേഷം പി.എസ്.സി അഡ്വൈസ് ലഭിച്ചെങ്കിലും കെ-ടെറ്റ് യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾക്ക് താൽക്കാലികമായി സർവീസിൽ പ്രവേശിക്കാം.
. എന്നാൽ ബന്ധപ്പെട്ട വിഭാഗത്തിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ചശേഷം മാത്രമേ നിയമനം ക്രമീകരിക്കുകയുള്ളൂ. അഡ്വൈസ് സീനിയോറിറ്റി നിലനിർത്തിക്കൊണ്ടായിരിക്കും തുടർനടപടികൾ.കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളിയതോടെയാണ് യോഗ്യതാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നത്. പുതിയ ഉത്തരവ് സംസ്ഥാനത്തെ അധ്യാപക നിയമന, സ്ഥാനക്കയറ്റ നടപടികളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും.




