ജമ്മുവിൽ വൻ തീപിടിത്തം! റെയിൽവേ സ്റ്റേഷന് സമീപം 40 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

ശ്രീനഗർ: ജമ്മുവിലെ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 40ഓളം കടകൾ കത്തിനശിച്ചു. ജമ്മു റെയിൽവേസ്റ്റേഷന് സമീപമുള്ള ശിവ്‌മാർക്കറ്റിൽ ഞായറാഴ്ച രാത്രി 10:30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഷാേർട്ട് സർക്ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ എട്ട് മണിക്കൂറോളം സമയമെടുത്ത് പുലർച്ചെ 3.30ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാർക്കറ്റിലേക്കുള്ള ഇടുങ്ങിയ റോഡ് അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനത്തിന് തടസമായി. തുടർന്ന് പിന്നിലെ വഴിയിലൂടെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ അടിയന്തര നടപടികളും സ്വീകരിച്ചിരുന്നു,.തീ അതിവേഗം പടർന്നതോടെ കടകളും അവിടെയുണ്ടായിരുന്ന സാധനങ്ങളും പൂർണമായും കത്തിനശിച്ചു.
ഡ്രൈ ഫ്രൂട്ട്സ് കടകൾ, റെസ്റ്റോറന്റുകൾ, പച്ചക്കറിക്കടകൾ പുതപ്പ് വിൽക്കുന്ന കടകൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ തീജ്വാലയായി മാറുകയായിരുന്നു. ജീവിതസമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് വ്യാപാരികൾ. നാശനഷ്ടങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ എത്രയും വേഗം കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തപ്രതികരണ നിധി (എസ്.ഡി.ആർ.എഫ്), മറ്റ് സർക്കാർ പദ്ധതികൾ എന്നിവയിലൂടെ ദുരിതബാധിതരായ വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അധികൃതർ ഉറപ്പുനൽകി.



