News

ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത് നാളെ, ദർശനത്തിനായി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ഭക്തർ

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുന്നത്. തുലാം ഒന്നായ നാളെ രാവിലെ അ‌ഞ്ച് മണി മുതൽ ഭക്തർക്ക് ദർശനം നടത്താനാവും.

അതേസമയം, ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസപൂജ നടക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഒക്ടോബർ 22ന് രാത്രി 10 മണിക്ക് തുലാമാസ പൂജകൾ പൂർത്തിയാക്കിയ ശേഷം നട അടയ്ക്കും.

വെർച്വൽ ക്യൂ ബുക്കിംഗ് നിറുത്തിവച്ചു ഇന്ന് ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കു ചെയ്തിരിക്കുന്നത് 30,​000 പേരാണ്. ഒന്നര ലക്ഷം തീർത്ഥാടകരാണ് മൂന്ന് ദിവസത്തേക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. ഇതോടെ ഓൺലൈൻ ബുക്കിംഗ് നിറുത്തിവച്ചു. സ്പോട്ട് ബുക്കിംഗിലൂടെയും തീർത്ഥാടകർ ദർശനത്തിനെത്തും. ആദ്യ മൂന്നു ദിവസങ്ങളിലായി രണ്ടു ലക്ഷം തീർത്ഥാടകരെങ്കിലും സന്നിധാനത്ത് എത്തുമെന്നാണ് നിഗമനം. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിംഗ് ആണ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button