News

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക്; വിജയ് ഇന്ന് തൃശൂരിലെത്തും

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം വിജയ് ആദ്യമായി കേരളത്തിലെത്തുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്.

വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ ശോഭാ സിറ്റിയിലെ ഹെലിപാഡിൽ അദ്ദേഹം വന്നിറങ്ങും. തുടർന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമന്റെ വസതിയിൽ ഒരുക്കിയിട്ടുള്ള നവരാത്രി ആഘോഷച്ചടങ്ങുകളിൽ പങ്കാളിയാകും.

തികച്ചും സ്വകാര്യമായ പരിപാടിയായതിനാൽ വസതിയിലും പരിസരത്തും കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും പ്രമുഖ ചലച്ചിത്ര താരങ്ങൾക്കും മാത്രമാണ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുള്ളത്. ഒന്നര മണിക്കൂറോളം നീളുന്ന സന്ദർശനത്തിന് ശേഷം ശോഭാ സിറ്റിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം കോയമ്പത്തൂരിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും മടങ്ങും

രണ്ട് വർഷം മുൻപ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് വിജയ് അവസാനമായി തിരുവനന്തപുരത്ത് എത്തിയിരുന്നത്. അന്ന് വൻ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാണാൻ തടിച്ചുകൂടിയത്. നിലവിൽ തമിഴ്നാട് മുഖ്യമന്ത്രിയായതിനാൽ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ നേരിൽ കാണുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ടായിരിക്കും. എങ്കിലും പ്രിയ താരത്തെ ഒരുനോക്ക് കാണാൻ ആരാധകർ ശോഭാ സിറ്റി പരിസരത്തേക്ക് എത്തുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് തൃശൂരിൽ ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button