News

‘ഞങ്ങളുടെ ലക്ഷ്യം ഒന്ന്, യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വം’; സിജെപിക്ക് ആദ്യമായി പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചതിന് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടി രൂപീകരിച്ചതിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പരസ്യമായി സിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചോദ്യപേപ്പർ ചോർച്ച, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസും സിജെപിയും സമാന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇരുകൂട്ടരും ഒരേ വേദി പങ്കിടാൻ തയ്യാറായിരുന്നില്ല. രാഹുൽ ഗാന്ധിയും അഭിജീത് ദിപ്‌കെയും പരസ്പരം അകലം പാലിക്കുകയും ചെയ്തിരുന്നു.

ജന്തർ മന്ദറിൽ പ്രതിഷേധിച്ചതിന് സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും കസ്റ്റഡിയിലെടുത്ത് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.’ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ട് ത്രിവർണപതാക വീശുന്നത് കുറ്റമല്ല. അതിന്റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്’ എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.

വിദ്യാർത്ഥികൾ, യുവാക്കൾ, മാദ്ധ്യമപ്രവർത്തകർ, ഇന്ത്യാ സഖ്യം എന്നിവരെല്ലാം വ്യത്യസ്ത ബാനറുകൾക്ക് കീഴിലാണെങ്കിലും ലക്ഷ്യം ഒന്നാണെന്നും പൗരന്മാർ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്ദർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും അത് തിരിച്ചുപിടിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button