‘അധികാരം പോയ സങ്കടത്തിന് മരുന്നില്ല!’ കെ. മുരളീധരന്റെ മറുപടിയിൽ നിയമസഭയിൽ ഭരണ–പ്രതിപക്ഷ പോര്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ കടുത്ത പ്രതിസന്ധിയും മരുന്ന് ക്ഷാമവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനിടെ നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കടുത്ത വാക്പോരും ബഹളവും. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ആതുരാലയങ്ങളിൽ ജീവൻരക്ഷാ മരുന്നുകൾ പോലുമില്ലെന്നും കെ.വി. സുമേഷ് എം.എൽ.എ വിമർശിച്ചു.
എന്നാൽ, അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നൊഴികെ മറ്റെല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പരിഹാസ മറുപടിയാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. മാർച്ച് മാസത്തിൽ മരുന്നുകൾക്ക് പർച്ചേസ് ഓർഡർ നൽകുന്നതിൽ മുൻ സർക്കാർ വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ താൽക്കാലിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
നിലവിൽ 26 ഇനം മരുന്നുകൾക്ക് മാത്രമാണ് നേരിയ ക്ഷാമമുള്ളതെന്നും, ലോക്കൽ പർച്ചേസ് വഴിയും മറ്റു കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ എത്തിച്ചും പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. ചികിത്സാപ്പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രഥമദൃഷ്ട്യാ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിയുടെ മറുപടി ലാഘവത്തോടെയാണെന്ന് കെ.വി. സുമേഷ് ആരോപിച്ചു. ഹെൽത്ത് ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം. ആശുപത്രികളിൽ വൈദ്യുതി തടസ്സം മൂലം ശസ്ത്രക്രിയകൾ പോലും മാറ്റിവെക്കേണ്ടി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ വൻകിട കോർപ്പറേറ്റ് ആശുപത്രികൾക്ക് അടിയറ വെക്കാനുള്ള നീക്കത്തെ സംശയത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോഗ്യരംഗത്തെ വിളക്ക് കെടുത്താതെ ഇരുന്നാൽ മതിയെന്നും അദ്ദേഹം വിമർശിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.




