ദില്ലിയിൽ ഗ്യാനേഷ് കുമാറിനെതിരെ എൻഎസ്‍യുഐയുടെ വൻ പ്രതിഷേധം; പൊലീസുമായി ഏറ്റുമുട്ടൽ, സംഘർഷാവസ്ഥ

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നാലാം ദിനവും പ്രതിഷേധം കനക്കുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐയുടെ (NSUI) നേതൃത്വത്തിൽ നടന്ന അതിശക്തമായ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ബലപ്രയോഗം നടത്തി. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും
പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്തർക്കവും വൻ സംഘർഷവും ഉടലെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണക്കാരനായ സി ഇ സി ഗ്യാനേഷ് കുമാർ രാജി വെക്കും വരെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് വലിയ പ്രതിരോധം തീർക്കുയാണ് വിദ്യാർഥികൾ. മറുവശത്ത് പൊലീസ് ബലം പ്രയോഗത്തിന് ശ്രമം തുടരുകയാണ്. ഇതോടെ നാലാം ദിനവും തലസ്ഥാനം സംഘർഷഭരിതമാണ്.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധച്ചൂടിൽ തിളച്ചുമറിയുകയാണ് രാജ്യതലസ്ഥാനം. തുടർച്ചയായി നാലാം ദിവസവും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. ഇന്നലെ ഇന്ത്യാ ഗേറ്റിലേക്ക് ആം ആദ്മി പാർട്ടിയും ജന്തർ മന്തറിലേക്ക് ഐസയുടെ നേതൃത്വത്തിൽ വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധ മാർച്ചിലും വലിയ സംഘർഷമുണ്ടായിരുന്നു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹാ ബോറ അടക്കമുള്ളവരെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് വിട്ടയച്ചു.
ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നാളെ മാർച്ച് ചെയ്യാനിരിക്കെയാണ് ദില്ലിയിൽ രണ്ടാം ജന്തർ മന്തർ സമരത്തിനുള്ള വലിയ തയ്യാറെടുപ്പ് കാണുന്നത്. ഇന്നലെ ഇന്ത്യാ ഗേറ്റിലേക്ക് ആദ്യം അപ്രതീക്ഷിതമായി എത്തിയത് ആം ആദ്മി പാർട്ടി പ്രവർത്തകരായിരുന്നു. ദില്ലി അധ്യക്ഷനും എം എൽ എയുമായ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെ ചെറുത്തു. ഏറെ പണിപ്പെട്ടാണ് സൗരഭ് ഭരദ്വാജിനെയും അണികളെയും ഇന്ത്യാ ഗേറ്റ് പരിസരത്തുനിന്ന് 4 ബസുകളിലായി പൊലീസ് നീക്കിയത്.
പിന്നാലെ ഐസ, എ ഐ എസ് എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരവകാശ സംഘടനകളും ജന്തർ മന്തർ ഭാഗത്തേക്ക് നീങ്ങി. അശോക റോഡിൽ പൊലീസ് ഇവരെ തടഞ്ഞു. ബാരിക്കേഡിന് മുകളിൽ ഇരുന്ന നേഹാ ബോറയെ പൊലീസ് ആദ്യ തള്ളിനീക്കാൻ നോക്കി. പിന്നീട് അറസ്റ്റ് ചെയ്ത് ഒരു വാഹനത്തിൽ കയറ്റിയതോടെ സംഘർഷം കടുത്തു. പ്രവർത്തകർ വാഹനം തടഞ്ഞത് വലിയ ബഹളത്തിന് ഇടയാക്കി. പൊലീസ് കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റിയ പ്രവർത്തകർ ബസിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ആ വഴി രക്ഷപെടുകയും ചെയ്തു.
നേഹയെ പൊലീസ് നമ്പർ പ്ലെയിറ്റും വനിതാ പൊലീസും ഇല്ലാത്ത വാഹനത്തിൽ തട്ടിക്കൊണ്ട് പൊയതാണെന്ന് ആരോപിച്ച് ഐസ പരാതിയും നൽകി. പ്രതിഷേധം കടുത്തതോടെ നേഹയെ പൊലീസ് വിട്ടയച്ചു. ഇന്നും പോലീസ് വനിതാ പ്രവർത്തകരെ അടക്കം ക്രൂരമായി കൈകാര്യം ചെയ്തെന്ന പരാതിയുണ്ട്. രാത്രി ജന്തർ മന്തറിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധമാർച്ചും നടത്തി. അതും പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
എ സി പി വിവേക് ഭഗത്തിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൗരവ് ദാസും വൃന്ദാ കാരാട്ടും അടക്കമുള്ളവർ സ്റ്റേഷനിൽ എത്തി ഏറെ നേരം കുത്തിയിരുന്നെങ്കിലും ഉപദ്രവിക്കുന്നതിന്റെ ദൃശങ്ങൾ കൊണ്ടുവരാനാണ് പൊലീസ് നിർദ്ദേശിച്ചത്. ഇപ്പോൾ പ്രചരിക്കുന്ന ദൃശങ്ങൾ എ ഐ നിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വാർത്താക്കുറിപ്പും ഇറക്കി. ജന്തർമന്തർ ആകെ അടച്ച് കോട്ട തീർക്കുമ്പോഴും തലസ്ഥാനത്ത് ഓരോ ദിവസവും പ്രതിഷേധം ശക്തിയാർജ്ജിക്കുന്നതാണ് ഇന്നും കാണുന്നത്.




