ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു? രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് വ്യക്തമാക്കി നഗരസഭ

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നും ആർ.ശ്രീലേഖ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് ലഭിച്ചതെന്നും, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് മേയർക്കല്ല, നിയമപ്രകാരം നഗരസഭ സെക്രട്ടറിക്കാണ് നൽകേണ്ടതെന്നും തനിക്ക് ഇതുവരെ അത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്നും നഗരസഭ സെക്രട്ടറി ഷാഫി പ്രതികരിച്ചു.
സെക്രട്ടറിയുടെ പക്കൽ നേരിട്ട് ലഭിക്കാത്തതിനാൽ ഔദ്യോഗികമായി രാജി നിലവിൽ വന്നിട്ടില്ലെന്നാണ് നിയമപരമായ വിശദീകരണം. കളക്ടർക്ക് നൽകിയാലും നിയമസാധുതയില്ലെന്നും കൗൺസിലർ നേരിട്ട് രാജി സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മേയർ വഴി നൽകിയാലും അത് സ്വീകാര്യമാകില്ലെന്നും നഗരസഭ സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിയിൽ ഉടലെടുത്തിട്ടുള്ള ഈ പ്രതിസന്ധി പരിഹരിക്കാൻ ബിജെപി നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്. ശ്രീലേഖയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ചകൾ നടത്തുമെന്നാണ് വിവരം. ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള കോർപറേഷനിൽ ഈ രാജി ബിജെപിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.



