News

എന്നെ തന്നെ പ്രതിയാക്കാൻ ധൃതി..! കുറേ തീർത്തില്ലേ, ഇനിയും വേണോ? വാർത്തകളെ വിമർശിച്ച് കെ.സി. വേണുഗോപാൽ

അടൂർ: കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പോലും തന്റെ പേരുമായി ബന്ധിപ്പിക്കുന്ന വാർത്താശൈലിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. “എന്ത് കിട്ടിയാലും ഒരു ഭാഗത്ത് കെ.സി. വേണുഗോപാലിനെ പ്രതിയാക്കാനാണ് ചിലർക്ക് ഇഷ്ടം. കുറേ തീർത്തില്ലേ, ഇനിയും വേണോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ നാല് മാസമായി യു.ഡി.എഫ് സർക്കാരിനെ ന്യായീകരിക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാരിനെതിരായ ഒരു പ്രസ്താവന പോലും താൻ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.

രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന ബി.ജെ.പി ഭരണകൂടത്തെ 2029ലെ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അതിനായി ജീവിതത്തിൽ എന്ത് ത്യാഗവും ചെയ്യാൻ തയാറാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അതേസമയം, കോൺഗ്രസിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ നേതാക്കൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ വിഷയങ്ങൾ പാർട്ടിക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടത്. പുറത്തുവന്ന് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും, പാർട്ടിക്കുള്ളിൽ വിഷയങ്ങൾ ഉന്നയിക്കാൻ വേദിയുണ്ടെന്നും അവിടെ പരിഹരിക്കാനായില്ലെങ്കിൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെയാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങൾ ചർച്ചയായത്. പ്രധാന സർക്കാർ തീരുമാനങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്യാതെ എടുത്തെന്നും ചില കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം.

ഈ വിഷയത്തിൽ തന്റെ പേര് കൂടി വലിച്ചിഴയ്ക്കുന്നതിനെയാണ് കെ.സി. വേണുഗോപാൽ എതിർത്തത്. വ്യക്തികളുടെ അഭിപ്രായങ്ങളെ തന്റെ നിലപാടുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യാതെ പാർട്ടി വേദികളിൽ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് തന്റേതെന്നും കെ.സി. പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനും കെ.സി. വേണുഗോപാൽ മറുപടി നൽകി. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനമൊഴിയേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എ.ഐ.സി.സി അധ്യക്ഷനാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ പ്രചാരണം രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ഇൻഡ്യ സഖ്യത്തിലെ പാർട്ടികളെയും നേതാക്കളെയും അണിനിരത്തിയുള്ള പ്രചാരണം ഒക്ടോബർ എട്ട് വരെ തുടരുമെന്നും ഒക്ടോബർ ആറിന് എം.പിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് നടത്തി നേതാക്കൾ അറസ്റ്റ് വരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button