News

‘ചിത്തിരത്തോണിയിൽ അക്കരെ പോകാൻ.’; തോറ്റെങ്കിലും പാട്ടിന് കുറവില്ല, ഉദ്ഘാടന വേദിയിൽ പാട്ടുപാടി രമ്യ ഹരിദാസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ ഉലഞ്ഞുനിൽക്കുമ്പോൾ പാട്ടുമായെത്തുകയാണ് രമ്യ ഹരിദാസ് എംഎൽഎ. വേളി കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടന ചടങ്ങിലാണ് ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എന്ന പാട്ട് രമ്യ പാടിയത്.

ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ…ചിറയിൻകീഴിലെ പെണ്ണേ എന്നാണ് എംഎൽഎ പാടിയത്. ഈ പാട്ട് കാലങ്ങളായി പാടുന്നുണ്ടെങ്കിലും ചിറയിൻകീഴിലേക്ക് ചിത്തിരത്തോണിയിൽ എത്താൻ ഭാഗ്യം ലഭിച്ച പെണ്ണായി മാറാൻ തനിക്ക് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് എംഎൽഎ പറഞ്ഞത്.ഈ മാസം 28ന് നടന്ന ഉപ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ യുഡിഎഫിന് തിരിച്ചതിയാണ് നേരിട്ടത്.

102 സീറ്റോടെ അധികാരത്തിലേറി അഞ്ചാം മാസം തികയുന്നതിന് മുമ്പുതന്നെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സീറ്റുകൾ 22ൽ നിന്ന് 19 ആയി കുറഞ്ഞു. ഏഴ് സിറ്റിംഗ് എം.എൽ.എമാരുടെ വാർഡുകളിൽ രണ്ടെണ്ണം ഇടത്തോട്ടുപോയി. അഞ്ചിടത്ത് ഭൂരിപക്ഷം കുത്തനേ ഇടിഞ്ഞു.എൽ.ഡി.എഫാകട്ടെ 15 സീറ്റുകൾ 18 ആയി ഉയർത്തി. എം.എൽ.എ വാർഡ് നിലനിറുത്താനുമായി. ഫലം യു.ഡി.എഫിനെ ഞെട്ടിച്ചെങ്കിൽ, സി.പി.എമ്മിന് ലഭിച്ചത് അപ്രതീക്ഷിത ആശ്വാസമാണ്.

യു.ഡി.എഫിന് ഏഴ് സീറ്റാണ് നഷ്ടമായത്. നാലു സീറ്റുകൾ പിടിച്ചെടുത്തു. ഇടതുമുന്നണി ഏഴ് സീറ്റ് പിടിച്ചു. നാലു സീറ്റ് നഷ്ടമായി. എൻ.ഡി.എ ഏക സീറ്റ് നിലനിറുത്തി.രമ്യാഹരിദാസിന്റെ മണ്ഡലമായ ചിറയിൻകീഴിലുൾപ്പെട്ട അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽ.ഡി.എഫ് അട്ടിമറി ജയമാണ് നേടിയത്. പാർട്ടിക്കുള്ളിൽ നടന്ന വിവാദ കൈയാങ്കളിക്ക് വോട്ടർമാർ നൽകിയ മറുപടിയാണിതെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button