മാധ്യമങ്ങളോട് ഇനി ബുധനാഴ്ചകളിൽ മാത്രം പ്രതികരണം; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഇനിമുതൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ മാത്രമേ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാ ബുധനാഴ്‌ചയും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ മാദ്ധ്യമങ്ങളെ കാണും. ഇതിനുപുറമെ അടിയന്തര ഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും മാദ്ധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മാദ്ധ്യമപ്രവർത്തകർ അടക്കമുള്ള ജനം അനിയന്ത്രിതമായി മുഖ്യമന്ത്രിക്കരികിലേയ്ക്ക് എത്തുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ കെ ജെ തടഞ്ഞിരുന്നു.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും മറുപടി പറയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിർദേശിക്കുകയും ചെയ്തു.ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് ആരെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘നിങ്ങൾ എന്ത് വേണമെങ്കിലും കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ’ എന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി.
ചോദ്യങ്ങൾ വിലക്കാൻ എന്താണ് കാരണം എന്ന് വീണ്ടും മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അതിന് അസിസ്റ്റന്റ് കമ്മീഷണർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.ഇടുക്കി കളക്ടറേറ്റിൽ വച്ചും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ക്ഷോഭിച്ചിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ‘ഞാൻ നിങ്ങളെ കാണുന്നില്ല, ‘നിങ്ങൾ മാറിനിൽക്ക്, ഇവിടെ നിവേദനം തരാൻ വന്നവർ ബുദ്ധിമുട്ടുന്നു’ എന്നിങ്ങനെ മുഖ്യമന്ത്രി പ്രതികരിക്കുകയായിരുന്നു. മാറ്റിനിറുത്തെന്ന് പൊലീസിന് നിർദ്ദേശവും നൽകി.




