‘പാർലമെന്ററി മോഹം തിരിച്ചറിഞ്ഞിരുന്നു’; തുറന്നുകാട്ടാൻ സമയം കിട്ടിയില്ലെന്ന് ആർ. നാസർ, ജി. സുധാകരനെതിരെ വിമർശനം

ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ പരിശോധന ശക്തമാകുന്നതിനിടെ ജി. സുധാകരനെതിരെ തുറന്ന വിമർശനവുമായി ജില്ലാ സെക്രട്ടറി ആർ. നാസർ. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവർത്തിച്ച സുധാകരനെ ഒരു സഖാവെന്ന നിലയിൽ പാർട്ടിക്കൊപ്പം നിർത്തിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ പാർലമെന്ററി മോഹമാണ് പിന്നീട് പാർട്ടി വിട്ട് എതിർപക്ഷത്തിന്റെ ഭാഗമായി മത്സരിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് നാസറിന്റെ ആരോപണം.
സ്ഥാനാർഥി നിർണയ സമയത്ത് തനിക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സുധാകരൻ പാർട്ടി വിട്ടതെന്നാണ് നാസർ പറയുന്നത്. പാർട്ടി ഘടനയ്ക്കുള്ളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ഇത്തരം സമീപനങ്ങൾ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും ശ്രമിച്ചിരുന്നു. ദീർഘകാലം പാർട്ടി ഭാരവാഹിത്വം വഹിച്ച ഒരാളിൽനിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും നാസർ പറഞ്ഞു. സുധാകരനുമായുള്ള പാർട്ടി ബന്ധത്തിൽ അനുനയ നീക്കങ്ങൾ നടന്നിരുന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് അവസാന നിമിഷത്തിൽ സുധാകരൻ പാർട്ടി വിട്ടതെന്നും അതിനാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ മതിയായ സമയം ലഭിച്ചില്ലെന്നുമാണ് നാസറിന്റെ വിശദീകരണം. ലഭിച്ച കുറഞ്ഞ സമയത്തിനുള്ളിൽ പാർട്ടി കൃത്യമായി പ്രതികരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മുൻപ് സുധാകരന് വോട്ട് ചെയ്തിരുന്ന ചില വോട്ടർമാരുടെ സംശയങ്ങൾ പൂർണമായി ദുരീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിന്റെ ഫലമായി ആ വോട്ടുകളിൽ ഒരു പങ്ക് സുധാകരന് ലഭിച്ചെന്നും നാസർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ആലപ്പുഴ സി.പി.എമ്മിലെ ആഭ്യന്തര തർക്കങ്ങളും ജി. സുധാകരനുമായുള്ള പാർട്ടി ബന്ധവും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് നാസറിന്റെ വിശദീകരണം. നേരത്തെയും സുധാകരനും ജില്ലാ നേതൃത്വവും തമ്മിൽ പരസ്യമായ വാക്പോരും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്നതിനൊപ്പം സുധാകരന്റെ നിലപാടും അദ്ദേഹത്തിന് ലഭിച്ച വോട്ടുകളുടെ സ്വഭാവവും പാർട്ടി വിലയിരുത്തേണ്ട വിഷയങ്ങളിലൊന്നാണെന്ന നിലപാടാണ് നാസർ മുന്നോട്ടുവെക്കുന്നത്.




