News

റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം എഐ നിർമ്മിതം! ചട്ടം അറിയില്ലെങ്കിൽ ചട്ടമ്പിത്തരം പറയരുത്; കെ.എം. ഷാജി

കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ പ്രതിരോധവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്നും, മന്ത്രിയുടെ കാറില്‍ മറ്റൊരാള്‍ യാത്ര ചെയ്താല്‍ അത് നിയമവിരുദ്ധമാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് ഈ വിഷയത്തില്‍ വാര്‍ത്തകള്‍ നല്‍കിയതെന്ന് കെ.എം. ഷാജി ആരോപിച്ചു. ആദ്യം താന്‍ ആഡംബര വാഹനത്തിലാണ് യാത്ര ചെയ്തതെന്ന വാര്‍ത്ത നല്‍കിയവര്‍, പിന്നീട് തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച കണക്കുകള്‍ വെച്ച് ഇത്രയും വലിയ വാഹനം വാങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞു. വാഹനത്തിന്റെ വില ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അറിയാവുന്നതേയുള്ളൂവെന്നും പലതും വെറും ഊഹങ്ങളുടെ പുറത്താണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ അഴീക്കോട് എം.എല്‍.എയായിരുന്ന സമയത്തും ഇതേ വാഹനം തന്നെയാണ് ഉപയോഗിച്ചിരുന്നത്.

ആദ്യം ഇത് സ്വന്തം വാഹനമാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും മാധ്യമങ്ങള്‍ പറഞ്ഞു. പ്രത്യുപകാരമെന്ന നിലയിലാണ് വാഹനം തനിക്ക് നല്‍കിയതെന്നായിരുന്നു അടുത്ത പ്രചാരണം. എന്നാല്‍ പ്രത്യുപകാരം പ്രതീക്ഷിച്ചിട്ട് മാത്രമേ ആളുകള്‍ എന്തും ചെയ്യൂ എന്ന് കരുതുന്നത് ചിലരുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്. താന്‍ വിദേശത്ത് പോയപ്പോള്‍ ബാര്‍ ഉടമ ഒപ്പമുണ്ടായിരുന്നു എന്ന വ്യാജ പ്രചാരണവും നടന്നു. എന്നാല്‍ ബാര്‍ ഉടമ പിണറായി വിജയനും എം.ബി. ഷംസീറിനുമൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ആ വിവാദം കെട്ടടങ്ങിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ തന്റെ വകുപ്പില്‍ പതിനായിരത്തോളം അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ആ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് തനിക്കെതിരായ ഈ വേട്ടയാടലിന് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു. റേഞ്ച് റോവറിന്റെ മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ പ്രചരിച്ച തന്റെ ഫോട്ടോ എ.ഐ നിര്‍മ്മിതമാണ്. മുഖ്യധാര മാധ്യമങ്ങള്‍ പോലും യാതൊരു പരിശോധനയും നടത്താതെ ഇത് വാര്‍ത്തയാക്കി. തന്റെ കുടുംബത്തിന്റെ വ്യാജ ചിത്രങ്ങളും സൈബര്‍ വിഭാഗം വ്യാപകമായി പ്രചരിപ്പിച്ചു. തനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ടെന്നും തോന്നിവാസം വിളിച്ചുപറയാനുള്ളതല്ല മാധ്യമങ്ങളെന്നും പറഞ്ഞ അദ്ദേഹം, ചട്ടം അറിയില്ലെങ്കില്‍ ആരും ചട്ടമ്പിത്തരം പറയരുതെന്നും താക്കീത് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button