
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം തുടങ്ങി പ്രതിപക്ഷ പാർട്ടികൾ. പൊതുജനങ്ങളുടെ അടക്കം ഒപ്പ് ശേഖരിക്കും. എന്നിട്ട് രാഷ്ട്രപതിക്ക് അയക്കാനാണ് തീരുമാനം. അതിനിടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ദില്ലി പൊലീസിനെയും അർധ സൈനിക വിഭാഗത്തെയും ചേർത്ത് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ജന്തർമന്തറിലടക്കം നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ഏകോപനത്തിനായാണ് സമിതി രൂപീകരിക്കുന്നത്.
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ സംയുക്ത വാർത്താ കുറിപ്പ് തള്ളിയ പ്രതിപക്ഷം, പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. പുറത്തുവന്ന വിവരങ്ങളും ഉയർത്തിയ പരാതികളും ശരിവയ്ക്കുന്നതാണ് ഇന്നലെ ഇറക്കിയ വാർത്താ കുറിപ്പിലുള്ളതെന്ന് കോൺഗ്രസ് വിമർശിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ ഏകോപനം ശക്തമാക്കാൻ സിപിഎം തീരുമാനിച്ചു.
എം എ ബേബി ഇന്ന് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തും. സംയുക്ത പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി എൻഡിഎ ഇതര കക്ഷികളുമായി നടത്തുന്ന ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച. മമത ബാനർജിയുമായും രാഹുൽ ഗാന്ധിയുമായും എം എ ബേബി ഫോണിൽ സംസാരിച്ചു. നേരത്തെ സിജെപിയുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.




