ശബരിമലയിലെത്തിയ മുൻ മേൽശാന്തിമാർക്ക് മുറിയും പ്രസാദവും നൽകിയില്ല, വിഷമിപ്പിച്ചെന്ന് പരാതി

പത്തനംതിട്ട: ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാർക്ക് താമസസൗകര്യവും വഴിപാട് പ്രസാദവും നൽകിയില്ലെന്ന് പരാതി. മേൽശാന്തി സമാജത്തിന്റെ നേതൃത്വത്തിൽ ശബരിമലയിലെ 32 മേൽശാന്തിമാരാണ് കന്നിമാസ പൂജയ്ക്കായി എത്തിയത്. സന്നിധാനത്തും മാളികപ്പുറത്തും ലക്ഷാർച്ചന, ലളിതാസഹസ്രനാമാർച്ചന, ഭഗവതി സേവ എന്നീ വഴിപാട് സമർപ്പണത്തിനായാണ് ഇവർ എത്തിയത്.
സെപ്തംബർ 19ന് മാളികപ്പുറത്ത് ലളിതാസഹസ്രനാമാർച്ചന, ഭഗവതി സേവ എന്നിവയും 20 അയ്യപ്പസന്നിധിയിൽ ലക്ഷാർച്ചനയുമാണ് നടത്തിയത്. 12,500 രൂപ ദേവസ്വത്തിൽ മുൻകൂറായി അടച്ചിരുന്നു. മേൽശാന്തി സമാജം പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, സെക്രട്ടറി മാടവന പരമേശ്വരൻ നമ്പൂതിരി എന്നിവർ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയത്.
താമസത്തിന് സൗജന്യമായി മുറിയും പ്രസാദവും നൽകണമെന്ന് ദേവസ്വം ബോർഡിന്റെ ഉത്തരവുണ്ടായിട്ടും മണിക്കൂറുകളോളം അനിശ്ചിതത്വത്തിൽ നിർത്തി വിഷമിപ്പിച്ചതായി പരാതിയിൽ പറയുന്നു. ദേവസ്വം അക്കൊമഡേഷൻ ഓഫീസിൽ 10,000 രൂപ അടച്ചപ്പോൾ ഹാൾ അനുവദിച്ചു. എന്നാലിവിടെ കട്ടിൽ, പായ തുടങ്ങിയവ ഇല്ലായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.




