NationalReligion

11 ദിവസം കൊണ്ട് 11 കോടി : കണക്ക് പുറത്ത് വിട്ട് രാമക്ഷേത്ര ട്രസ്റ്റ്

ഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം കഴിഞ്ഞതിന് പിന്നാലെ ക്ഷേത്രത്തിന്റെ വരുമാനക്കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. 11 ദിവസം കൊണ്ട് 11 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതുവരെ രാമക്ഷേത്രത്തിൽ 25 ലക്ഷം ഭക്തരാണ് ​ദർശനം നടത്തിയത്. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 11 കോടിയിലധികം രൂപയാണ് സംഭാവനയായി ലഭിച്ചതെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ഇതിൽ 3.50 കോടി രൂപ ഓൺലൈൻ വഴിയാണ് ലഭിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.

ശ്രീകോവിലിന് മുൻപിലായുള്ള ദർശന പാതയിൽ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തർ തുക കാണിക്കയായി സമർപ്പിച്ചതെന്ന് ട്രസ്റ്റിന്റെ ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. ഇതിന് പുറമേ 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും ആളുകൾ സംഭാവന നൽകുന്നുണ്ട്.

11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് വഴിപാട് എണ്ണുന്നത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതൽ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും ഗുപ്ത പറഞ്ഞു. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനത്തിനെത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button